കോഴിക്കോട്: (www.kvartha.com 29.01.2022) വെള്ളിമാടുകുന്ന് ചില്‍ഡ്രെന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതെ പോയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയെന്ന് പൊലീസ്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് ചേവായൂര്‍ സ്റ്റേഷന്‍ നിന്ന് ഇറങ്ങി ഓടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വസ്ത്രം മാറാന്‍ പ്രതികള്‍ക്ക് സമയം നല്‍കിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിന്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.
ബെംഗളൂറില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ പൊക്‌സോ 7, 8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂറില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മടിവാള പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് കാര്യമായി എടുത്തിട്ടില്ല.
അടുത്ത ദിവസം തന്നെ ബാലാവകാശ കമീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂറില്‍ എത്തിയെന്നും, ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.