ന്യൂഡെല്‍ഹി: (www.kvartha.com 19.01.2022) റിപബ്ലിക് ദിനത്തില്‍ ദേശീയ യോഗാസന സ്പോര്‍ട്സ് ഫെഡെറേഷന്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാര പരിപാടിയില്‍ പങ്കെടുക്കണമെന്ന് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും നിര്‍ദേശം നല്‍കി യു ജി സി.
ഫെഡെറേഷന്‍ ത്രിവര്‍ണപതാകയ്ക്കുമുന്നില്‍ സംഗീത സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈസമയം കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ യോഗചെയ്യണമെന്നാണ് യു ജി സി നിര്‍ദേശിച്ചിരിക്കുന്നത്. പരിപാടിക്ക് പ്രചാരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മകരസംക്രാന്തി ദിനത്തില്‍ വെര്‍ച്വല്‍ 'സൂര്യ നമസ്‌കാരം' സംഘടിപ്പിക്കാന്‍ കോളജ് മേധാവികളോട് നിര്‍ദേശിച്ച ജമ്മു കശ്മീര്‍ ഭരണകൂട ഉത്തരവിനെതിരെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ടികള്‍ രംഗത്തെത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യാഴാഴ്ച (ജനുവരി 13) പുറത്തിറക്കിയ സര്‍കുലറിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
'2022 ജനുവരി 14ന് 'മകരസക്രാന്തി'യുടെ വിശുദ്ധ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി വലിയ തോതിലുള്ള വെര്‍ച്വല്‍ സൂര്യ നമസ്‌കാരം ഒരുക്കാന്‍ ഭാരത സര്‍കാര്‍ ആഗ്രഹിക്കുന്നു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്ക് കീഴിലാണ് നമസ്‌കാര്‍ സംഘടിപ്പിക്കുക. സൂര്യനമസ്‌കാര്‍ ഫോര്‍ വൈറ്റലിറ്റി' എന്ന ടാഗ് ലൈനോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താഴെ പറയുന്ന ഏതെങ്കിലും പോര്‍ടലുകളില്‍ രെജിസ്റ്റെര്‍ ചെയ്ത്, എല്ലാ ഫാകല്‍റ്റി അംഗങ്ങളും വിദ്യാര്‍ഥികളും ഈ പ്രോഗ്രാമില്‍ സജീവമായി പങ്കെടുക്കുന്നുവെന്ന് ദയവായി ഉറപ്പാക്കണം എന്നായിരുന്നു സര്‍കുലര്‍.
ഇതിനെതിരെ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫെറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല, ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി എന്നിവര്‍ ട്വിറ്റെറിലൂടെ രംഗത്തെത്തിയിരുന്നു. മകരസംക്രാന്തി ആഘോഷിക്കാന്‍ മുസ്ലീം വിദ്യാര്‍ഥികളെ യോഗ ചെയ്യാന്‍ എന്തിന് നിര്‍ബന്ധിക്കണം, മകരസംക്രാന്തി ഒരു ഉത്സവമാണ്, അത് ആഘോഷിക്കണോ വേണ്ടയോ? എന്നത് വ്യക്തിപരമായ തീരുമാനമായിരിക്കണം. മുസ്ലീം ഇതര വിദ്യാര്‍ഥികള്‍ ഈദ് ആഘോഷിക്കണമെന്ന് ഉത്തരവിട്ടാല്‍ ബിജെപി സന്തോഷിക്കുമോ എന്നും ഒമര്‍ ചോദിച്ചിരുന്നു.
നാളെ, എല്ലാവരും റംസാന്‍ വ്രതം അനുഷ്ഠിക്കണമെന്ന് ഒരു മുസ്ലീം മുഖ്യമന്ത്രി എക്‌സിക്യൂടീവ് ഉത്തരവ് പുറപ്പെടുവിച്ചാല്‍, മുസ്ലീം ഇതര സമുദായക്കാര്‍ക്ക് അത് എങ്ങനെ തോന്നും? ജനങ്ങളുടെമേല്‍ മതപരമായ ആചാരങ്ങള്‍ അടിച്ചേല്‍പിക്കുന്നത് നിര്‍ത്തണം. ഈ വിഷയങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് അവകാശമില്ല- തന്റെ പാര്‍ടി നേതാവ് ഉമേഷ് തലാഷിയുടെ പോസ്റ്റ് ഒമര്‍ റീട്വീറ്റ് ചെയ്തിരുന്നു.
കശ്മീരിലെ ജനങ്ങളെ കൂട്ടായി അപമാനിക്കുകയാണ് കേന്ദ്രസര്‍കാരെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. കേന്ദ്രം കശ്മീരികളെ തരംതാഴ്ത്താനും കൂട്ടമായി അപമാനിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉത്തരവിലൂടെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും സൂര്യനമസ്‌കാരം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് അവരുടെ വര്‍ഗീയ മാനസികാവസ്ഥയ്ക്ക് ഉദാഹരണമാണെന്നും മെഹബൂബ ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെയാണ് റിപബ്ലിക് ദിനത്തില്‍ ദേശീയ യോഗാസന സ്പോര്‍ട്സ് ഫെഡെറേഷന്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാര പരിപാടിയില്‍ പങ്കെടുക്കണമെന്ന് കാട്ടി സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യു ജി സി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Keywords: UGC asks colleges, varsities to participate in mass Surya Namaskar event on Republic Day, New Delhi, News, Politics, Education, Republic Day, Yoga, Students, National.