ശാര്‍ജ: (www.kvartha.com 02.01.2022) യുഎഇയില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ ശാര്‍ജയിലെ മെലീഹ റോഡ് താത്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്. മഹാഫില്‍ എരിയയില്‍ നിന്ന് കല്‍ബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് ദിശകളിലേയും റോഡ് അടയ്ക്കും.
പകരം ശാര്‍ജ - അല്‍ ദൈത് റോഡോ അല്ലെങ്കില്‍ ഖോര്‍ഫകാന്‍ റോഡോ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ശാര്‍ജ പൊലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കനത്ത മഴയെ തുടര്‍ന്ന് തൊട്ടടുത്ത വാദിയില്‍ നിന്നുള്ള വെള്ളം റോഡില്‍ നിറഞ്ഞതാണ് നിയന്ത്രണത്തിന് കാരണം.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ ജബല്‍ ജെയ്‌സിലെ സിപ്‌ലൈന്‍ ഞായറാഴ്ചയും അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. ശാര്‍ജ, ദുബൈ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വെള്ളിയാഴ്ച മുതല്‍ യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.