യെമന്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണശ്രമത്തിന് തൊട്ടുപിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ; മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ത്തതായി റിപോര്‍ട്

 



അബൂദബി: (www.kvartha.com 24.01.2022) തിങ്കളാഴ്ച രാവിലെ അബൂദബിക്ക് നേരെയുണ്ടായ യെമന്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ. മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ത്തതായി റിപോര്‍ട്.

മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ഫിലെ (Al jawf)  കേന്ദ്രമാണ് യുഎഇ സേന തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ചെ യെമന്‍ സമയം 4.10നായിരുന്നു എഫ്. - 16 യുദ്ധ വിമാനമുപയോഗിച്ച് യുഎഇ സൈന്യത്തിന്റെ ആക്രമണം.

ആക്രമണം നടത്തിയ വിവരം യുഎഇ പ്രതിരോധ സേന സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. 

തിങ്കളാഴ്ച പുലര്‍ചെ യുഎഇ സമയം 4.30 നാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് അബൂദബിയില്‍ ആക്രമണം നടത്താന്‍ ഹൂതികള്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ യുഎഇ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അവ തകര്‍ത്തു. തകര്‍ന്ന മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്. അതുകൊണ്ടുതന്നെ ആക്രമണത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല. 

യെമന്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണശ്രമത്തിന് തൊട്ടുപിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ; മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ത്തതായി റിപോര്‍ട്


ഈ ആക്രമണം നടന്ന് മിനിറ്റുകള്‍ക്കകം തന്നെ യുഎഇ സേന യെമനിലെ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്നും യുഎഇ അറിയിച്ചു.
 
കഴിഞ്ഞയാഴ്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്നോകിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബൂദബി വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് ഇന്‍ഡ്യക്കാരടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. പിന്നാലെ യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നു.

Keywords:  News, World, Abu Dhabi, Gulf, UAE, International, Drone Attack, UAE confirm missile launcher site in Yemen destroyed after second attack on Abu Dhabi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia