ന്യൂജഴ്സി: (www.kvartha.com 24.01.2022) പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നത് നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിചറുകള്‍. ഇതുകണ്ട് വീട്ടുകാര്‍ ഞെട്ടിയെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം പ്രകടിപ്പിക്കാന്‍ തോന്നിയത് ചിരിയാണെന്ന് വീട്ടുകാര്‍ പറയുന്നു. അമ്മയുടെ ഫോണില്‍ 'കളിച്ച്' രണ്ടുവയസുകാരനായ അയാംഷ് ആണ് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഷോപിംഗില്‍ ഓഡെര്‍ ചെയ്തത്.
ന്യൂജഴ്സിയിലെ ഇന്‍ഡ്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള ഇവരുടെ ഇളയ മകന്‍ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിചറുകളാണ് ഓണ്‍ലൈന്‍ ഷോപിംങ് ശൃംഖലയായ വാല്‍മാര്‍ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ അമ്പരന്നുപോയ മാധുവും പ്രമോദും സംശയം തോന്നി ഓണ്‍ലൈന്‍ വ്യാപാര ആപ്ലികേഷന്‍ പരിശോധിച്ചപ്പോഴാണ് പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡെര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയത്.
പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച് ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ആപിന്റെ കാര്‍ടില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കി. തുടര്‍ന്ന് തന്റെ ഭര്‍ത്താവിനോടും മുതിര്‍ന്ന രണ്ട് കുട്ടികളോടും സാധനങ്ങള്‍ വാങ്ങിയോ എന്ന് ചോദിച്ചെങ്കിലും അത് തങ്ങളല്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു.തുടര്‍ന്നാണ് രണ്ടു വയസ്സുള്ള മകന്‍ അയാംഷിലേക്ക് സംശയം നീളുന്നത്.
ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ് വേര്‍ഡ് ലോകുകള്‍ ഉപയോഗിക്കുമെന്നും അയാംഷിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Toddler orders furniture worth Rs 1.5 lakh from US store while playing with mom's phone, America, News, Mobile Phone, Child, Media, Report, World.