തിരുവനന്തപുരം: (www.kvartha.com 03.01.2022) പി ടി തോമസ് എംഎല്‍എ അന്തരിച്ചതിന് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഡിസംബര്‍ 22 മുതല്‍ ഒഴിവുവന്നതായി കാണിച്ച് നിയമസഭാ സെക്രടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ കേരളരാഷ്ട്രീയം മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. പതിനഞ്ചാം നിയമസഭയുടെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണിത്. അതിനാല്‍ സര്‍കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും.
യുഡിഎഫിന്റെ ഉറച്ച കരയായ തൃക്കാക്കര പിടിച്ചെടുക്കാനായിരിക്കും എല്‍ഡിഎഫിന്റെ ശ്രമം. അതേസമയം ട്വന്റി ട്വന്റിക്ക് ഏറെ സ്വാധീനമുള്ള മേഖലകളും മണ്ഡലത്തിലുണ്ട്. അവരുടെ ചെയര്‍മാനും കിറ്റെക്‌സ് എം ഡിയുമായ സാബു ജേക്കബിനെതിരെ പരസ്യമായ നിലപാടെടുത്തയാളായിരുന്നു പി ടി. അതുകൊണ്ട് കഴിഞ്ഞ തവണ തന്നെ പരാജയപ്പെടുത്താനുള്ള നീക്കം ട്വന്റി ട്വന്റി നടത്തിയെന്ന് പി ടി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ട്വന്റി ട്വന്റിക്കും സാബുജേക്കബിനും എതിരാണ്. കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാന്‍ നിരവധി പേര്‍ കുപ്പായം തയ്പ്പിച്ച് വച്ചിട്ടുണ്ടെങ്കിലും പി ടിയുടെ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. കോണ്‍ഗ്രസ് ബന്ധമുള്ള ഉമ തയ്യാറായില്ലെങ്കില്‍ മാത്രമേ മറ്റാരെയെങ്കിലും കളത്തിലിറക്കൂ. പി ടിയോട് തൃക്കാക്കരക്കാര്‍ക്ക് പ്രത്യേക സ്‌നേഹവും അടുപ്പവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി, മുന്‍ എംഎല്‍എ ഡൊമനിക് പ്രസന്റേഷന്‍, മഹിളാ കോണ്‍ഗ്രസ് നേതാവും കൗൻസിലറുമായ ദീപ്തി മേരി വര്‍ഗീസ് എന്നിവരും മത്സരിക്കാന്‍ തയ്യാറാണെന്ന് സൂചനയുണ്ട്. യുഡിഎഫില്‍ വനിതാ എംഎല്‍എമാരുടെ പ്രാതിനിധ്യം കുറവായതിനാല്‍ ദീപ്തിയെ മത്സരിപ്പിക്കണമെന്ന് ചില മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹിളാ കോാണ്‍ഗ്രസ് നേതാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് എത്തി തലമുണ്ഡനം ചെയ്തിരുന്നു. പിന്നീട് പാര്‍ടി വിട്ട അവരിപ്പോള്‍ എന്‍സിപിയിലാണ്.
2011ല്‍ നിലവില്‍ വന്ന തൃക്കാക്കര മണ്ഡലത്തില്‍ യുഡിഎഫ് മാത്രമാണ് വിജയിച്ചിട്ടുള്ളത്. 2011ല്‍ ബെന്നിബഹനാനാണ് വിജയിച്ചത്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് 2016 ല്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതോടെയാണ് പി ടി തൃക്കാക്കരയിലെത്തുന്നത്. അക്കൊല്ലം സെബാസ്റ്റ്യന്‍ പോളായിരുന്നു പ്രധാന എതിരാളി. ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലമാണിവിടം.
Keywords: Thrikkakara to by-election; who will contest, Kerala, Thiruvananthapuram, News, By-election, Top-Headlines, LDF, Assembly, Goverment, Politics, UDF, Congress, BJP, MLA, P T Thomas, Uma thomas.
ഇനി തൃക്കാക്കരപ്പോര്; പി ടിക്ക് പകരം ഭാര്യ മത്സരിച്ചേക്കും; എല്‍ ഡി എഫ് മണ്ഡലം പിടിച്ചെടുക്കുമോ?
Thrikkakara to by-election; who will contest
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ