ശ്രീനഗര്‍: (www.kvartha.com 20.01.2022) ജനുവരി 23 ന് റിപബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെ പഠാന്‍കോട്ട്- ജമ്മു ദേശീയ പാതയില്‍ സുരക്ഷ ശക്തമാക്കി. ഹിമാചല്‍പ്രദേശ്- പഞ്ചാബ് ചെക്പോസ്റ്റിലും മറ്റ് മേഖലകളിലും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
റിപബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ദേശീയപാതയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ഹിമാചല്‍പ്രദേശ്- പഞ്ചാബ് ചെക്പോയിന്റില്‍ ബിഎസ്എഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിവരികയാണ്. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പെടെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ ചെക്പോസ്റ്റിലൂടെ കടത്തിവിടുന്നത്.