ന്യൂഡെല്‍ഹി: (www.kvartha.com 25.01.2022) കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബേദര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. മരണാന്തരബഹുമതിയായി ഒന്‍പത് പേര്‍ക്കടക്കം 12 ജവാന്മാര്‍ക്കാണ് ശൗര്യചക്ര. കരസേനയില്‍ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേര്‍ സിആര്‍പിഎഫ് ജവാന്മാരാണ്.
ടോകിയോ ഒളിംപിക്‌സിലെ ഇന്‍ഡ്യന്‍ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ഠ സേവ മെഡല്‍ സമ്മാനിക്കും. 4 രജ്പുതാന റൈഫിള്‍സിലെ അംഗമായ നീരജ് ചോപ്ര കരസേനയില്‍ സുബേദാറാണ്. ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സുബൈദാര്‍ റാങ്കിലുള്ള നീരജിന് ഈ നേട്ടം.
കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയാണ് ശ്രീജിത്ത്. കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് രജൗരിയിലെ നിയന്ത്രണരേഖയില്‍ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികര്‍ തടഞ്ഞത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു. ശ്രീജീത്തിനൊപ്പം വീരമൃത്യു വരിച്ച സിപായി എം ജസ്വന്ത് റെഡ്ഢിക്കും ശൗര്യചക്ര നല്‍കി ആദരിക്കും.
384 സൈനികര്‍ക്കാണ് സേന മെഡലുകള്‍ പ്രഖ്യാപിച്ചത്. ഉത്തം സേവാ മെഡലിന് രണ്ട് മലയാളികള്‍ അര്‍ഹരായി. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി ഗോപാലകൃഷ്ണമേനോന്‍ എന്നിവര്‍ക്കാണ് ഉത്തം സേവ മെഡല്‍ ലഭിക്കുക. ലെഫ്. ജനറല്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് അതിവിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിക്കും.
ധീരതയ്ക്കുള്ള മെഡലുകള്‍ അഞ്ചു മലയാളികള്‍ക്കുണ്ട്. സര്‍വോത്തം ജീവന്‍ രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആര്‍ ആര്‍ ന് പ്രഖ്യാപിച്ചു. നാല് മലയാളികള്‍ ഉത്തം ജീവാ രക്ഷ പതകിനും അര്‍ഹരായി. അല്‍ഫാസ് ബാവു, കൃഷ്ണന്‍ കണ്ടത്തില്‍, മയൂഖാ വി, മുഹമ്മദ് ആദന്‍ മൊഹുദ്ദീന്‍ എന്നിവരാണ് ഉത്തം ജീവാ രക്ഷ പതകിന് അര്‍ഹരായത്.