Follow KVARTHA on Google news Follow Us!
ad

അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവതിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചെക്കും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെലക്കും പത്മ പുരസ്‌കാരം, 4 മലയാളികള്‍ക്ക് പത്മശ്രീ

Padma Vibhushan for late CDS Gen Bipin Rawat#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) ഊട്ടിയിലെ കൂനുരില്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച ഇന്‍ഡ്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവതിന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിനും യുപിയിലെ  സാഹിത്യകാരന്‍ രാധേശ്യാം ഖേംകെയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഭാ അത്രേയും (കലാരംഗം) പത്മവിഭൂഷണ്‍ നേടി. 

കര, നാവിക, വ്യോമ സേനകളുടെ ആദ്യ സംയുക്ത മേധാവിയായി (ചീഫ് ഒഫ് ഡിഫെന്‍സ് സ്റ്റാഫ്) 2020 ജനുവരി ഒന്നിനാണ് ജനറല്‍ ബിപിന്‍ റാവത് ചുമതലയേറ്റത്. കരസേനാ മേധാവി സ്ഥാനത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ റാവതിനെ കേന്ദ്രം സുപ്രധാന പദവിയില്‍ നിയമിച്ചത്.
 
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, ബെന്‍ഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പെടെ 17 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു. 

കോവാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് മേധാവിമാരായ ദമ്പതികള്‍ കൃഷ്ണ എല്ല-സുചിത്ര എല്ല, കോവിഷീല്‍ഡ് വാക്‌സീന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട് ഉടമ സൈറസ് പൂനാവാല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല, ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിചെ, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, മൂന്നു വട്ടം പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ദേവേന്ദ്ര ജാജരിയ തുടങ്ങി 21 പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്.

News, National, India, New Delhi, Award, Padma awards, Padmasree, Padma Vibhushan for late CDS Gen Bipin Rawat


കേരളത്തില്‍ നിന്ന് നാലുപേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍ (കായികം) , ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണ മേഖല), പി നാരായണ കുറുപ്പ് (സാഹിത്യം), കെ വി റാബിയ (സാമൂഹ്യ പ്രവര്‍ത്തനം ) തുടങ്ങിയവര്‍ക്കാണ് പത്മശ്രീ.

ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്കും പത്മശ്രീ ലഭിച്ചു. വനിതാ ഹോകി താരം വന്ദന കതാരിയ, ടോകിയോ പാരാലിംപിക്‌സില്‍ സ്വര്‍ണ മെഡലുകള്‍ നേടിയ അവനി ലഖാര, സുമിത് ആന്റില്‍, പ്രമോദ് ഭഗത്, ഇന്‍ഡ്യയുടെ മുന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബ്രഹ്മാനന്ദ് സംഗ്വാല്‍കര്‍, ബോളിവുഡ് ഗായകന്‍ സോനു നിഗം തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിച്ചു. മൊത്തം 107 പേരാണ് ഇത്തവണ പത്മശ്രീക്ക് അര്‍ഹരായത്.

റിപബ്ലിക് ദിനത്തിന് മുന്നോടിയായാണ് 2022 ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സിവിലിയന്‍മാര്‍ക്ക് നല്‍കുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മവിഭൂഷണ്‍.
.
Keywords: News, National, India, New Delhi, Award, Padma awards, Padmasree, Padma Vibhushan for late CDS Gen Bipin Rawat

Post a Comment