തിരുവനന്തപുരം: (www.kvartha.com 26.01.2022) കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. 2.8 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിപ്പ്. വ്യാഴാഴ്ച രാത്രി 11 മണി വരെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
'തിരത്തള്ളല്‍' എന്ന പ്രതിഭാസമാണ് വലിയ തിരകള്‍ക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും വൈകീട്ട് ഏഴ് മണി മുതല്‍ എട്ട് മണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.