കോട്ടയം: (www.kvartha.com 17.01.2022) പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴിലും മലയാളത്തിലുമായി ഏകദേശം 1500 ഓളം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കേരള സംഗീത നാടക അകാഡെമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരം ഉള്‍പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിനിമാ ഗാനങ്ങളിലൂടെയും അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയും ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശ്വാസ തടസം നേരിട്ടതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
'എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, എന്‍ മനം പൊന്നമ്പലം, കന്നിമല, പൊന്നുമല, മകര സംക്രമ ദീപം കാണാന്‍', തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അയ്യപ്പ ഭക്തിഗാനങ്ങള്‍. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റന്‍, ഗുരുദേവന്‍ എന്നീ സിനിമകള്‍ക്ക് വേണ്ടിയും ഗാനങ്ങളൊരുക്കി.
ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം ജി ദേവമ്മാളുടെയും ആറുമക്കളില്‍ മൂത്തയാളാണ് രംഗനാഥ്. 14-ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേര്‍ത്തത്. 40 വര്‍ഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. ക്ലാസികല്‍ ഡാന്‍സറും അധ്യാപികയുമായ ബി രാജശ്രീ ആണ് ഭാര്യ.