കൊല്ലം: (www.kvartha.com 18.01.2022) വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കേസിനു പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയെന്നും പൊലീസ് പറയുന്നു.
എട്ട് വയസുള്ള കുട്ടിയുടെ അമ്മയായ കൊല്ലം സ്വദേശിനി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ് ളാറ്റില്‍വെച്ചും പിന്നീട് കൊച്ചി എം ജി റോഡിലെ ഹോടെല്‍ മുറിയില്‍വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍വഴി പലവട്ടം സമ്മര്‍ദം ചെലുത്തിയെന്നും പരാതിക്കാരി പറയുന്നു. 2021 ഫെബ്രുവരി പതിനഞ്ചിനും ഡിസംബര്‍ പത്തിനുമായിരുന്നു ബലാത്സംഗം നടന്നതെന്നും പരാതിയില്‍ പറയുന്നു.
കേസില്‍ അന്വേഷണം ആരംഭിച്ച സെന്‍ട്രല്‍ പൊലീസ് പീഡനം നടന്നതായി പറയുന്ന ഹോടെലിലും ഫ് ളാറ്റിലും എത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത് കഴിഞ്ഞയാഴ്ചയാണ്. വിമെന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് മീറ്റൂ ആരോപണവുമായി യുവതി രംഗത്ത് വന്നത്.
പിന്നാലെ അതേ പേജില്‍ തന്നെ മറ്റൊരു യുവതി കൂടി ആരോപണമുന്നയിച്ചു. തുടര്‍ന്നാണ് കൊല്ലം സ്വദേശിനി ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ കൊച്ചി കമിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കമിഷണര്‍ പരാതി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
Keywords: Molest case filed against comedian Sreekanth Vettiyar, Kollam, News, Molestation, Complaint, Police, Woman, Probe, Kerala.