കൊച്ചി: (www.kvartha.com 21.01.2022) പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ എന്തെങ്കിലും സ്വയം തൊഴില്‍ ചെയ്യാമെന്ന് വിചാരിച്ച് അനുമതിക്കായി അധികൃതരെ സമീപിച്ചപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത് കൈക്കൂലി. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് തന്നെ രേഖകള്‍ കീറിയെറിഞ്ഞ മിനി എന്ന യുവതിയുടെ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സമീപിച്ച ഓരോ ഉദ്യോഗസ്ഥരും 5,000 രൂപ വീതമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും ഇത്തരത്തില്‍ അഞ്ചുപേരെ സമീപിച്ചുവെന്നും മിനി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.
വീടിനോടു ചേര്‍ന്ന് പൊടി മില്‍ സ്ഥാപനം നടത്താനാണ് മിനി കൊച്ചി കോര്‍പറേഷന്‍ പള്ളുരുത്തി മേഖലാ ഓഫിസിലെ റവന്യു ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാല്‍ കൈക്കൂലി ആരോപണം വാര്‍ത്തയായതോടെ സംഭവത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അടിയന്തരമായി ഇടപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
വാര്‍ത്ത പുറത്തു വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി വനിതാ സംരംഭക മിനി ജോസിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ രേഖകളെല്ലാം ശരിയാക്കി നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
വിഷമിക്കണ്ട, എല്ലാത്തിനും കൂടെയുണ്ടാകും' എന്നു മന്ത്രി ഉറപ്പു നല്‍കി. ഇനി കോര്‍പറേഷനിലും ഒരു സ്ഥാപനങ്ങളിലും കയറി ഇറങ്ങണ്ട, രേഖകള്‍ ശരിയാക്കുന്നതിനായി പണം മുടക്കേണ്ടതുമില്ല. കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ വി എ ശ്രീജിത്തിനെയും പതിനേഴാം ഡിവിഷന്‍ കൗണ്‍സെലര്‍ സി എന്‍ രഞ്ജിത്തിനെയും പ്ലാന്‍ വരയ്ക്കാനും മറ്റും കാര്യങ്ങള്‍ക്കും ചുമതലപ്പെടുത്തിയിട്ടുണ്ട്' എന്നും മന്ത്രി പറഞ്ഞതായും മിനി പറഞ്ഞു.
'ഇന്നലെ രാത്രി ശ്രീജിത്തും രഞ്ജിത്തും പൊതു പ്രവര്‍ത്തകന്‍ ക്ലിന്റ് ബുബാവിനൊപ്പം വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് ശ്രീജിത്തിന്റെ ഫോണിലേയ്ക്കു വിളിച്ചു മന്ത്രി സംസാരിച്ചത്. ശരിക്കും അത്ഭുതപ്പെട്ടുപോയി, നമ്മള്‍ പാവപ്പെട്ടവരോടു മന്ത്രി ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല'-എന്നും മിനി പറഞ്ഞു.
13 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാമെന്നു കരുതി നാട്ടിലെത്തി സ്വയം തൊഴിലിനു ശ്രമിച്ച യുവതിക്കാണ് കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തില്‍ മോശം അനുഭവമുണ്ടായത്. പല ഓഫിസുകളില്‍ ഒന്നര മാസം കയറി ഇറങ്ങിയിട്ടും രേഖകള്‍ കിട്ടിയില്ലെന്നു മാത്രമല്ല, വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ മനം നൊന്താണ് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനു മുന്നില്‍ വച്ച് രേഖകള്‍ വലിച്ചു കീറി മുഖത്തെറിഞ്ഞത്.
മിനി വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നത്. സംഭവം അറിഞ്ഞ വിജിലന്‍സ് ഉദ്യോഗസ്ഥരും യുവതിയുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മിനി പറഞ്ഞു.
Keywords: Minister P Rajeev intervention in Kochi corporation bribe Allegation, Kochi, News, Business, Allegation, Bribe Scam, Woman, Complaint, Kerala, Minister.