തിരുവനന്തപുരം: (www.kvartha.com 13.01.2022) സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി ആര്‍ സലൂജയുടെ നേതൃത്വത്തില്‍ 502 വനിതകളാണ് തിരുവാതിര കളിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിരക്കളി നടന്നത്.
സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിരിക്കെയാണിത് നടന്നതെന്നത് വന്‍ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 50 പേരില്‍ കൂടരുതെന്ന സര്‍കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൊന്നടങ്കം രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പാറശാല പൊലീസ് പകര്‍ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്. സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ കേസുകളിലടക്കം വര്‍ധനയുണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.