തിരുവനന്തപുരം: (www.kvartha.com 03.01.2022) പി ആര്‍ എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. കിള്ളിപ്പാലം ബണ്ട് റോഡില്‍ ആക്രിക്കടയിലെ ഗോഡൗണിലാണ് അപകടം. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള അതീവശ്രമം തുടരുകയാണ്.
ആശുപത്രിയുടെ 50 മീറ്റര്‍ അകലെ ജനവാസ മേഖലയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ വീടുകളിലേക്കും തീപടരുന്നുണ്ട്. സമീപത്ത് അമ്പതോളം വീടുകളാണുള്ളത്. അവിടേക്ക് തീ പടര്‍ന്നുപിടിക്കാതിരിക്കാനാണ് ശ്രമം. ആളുകളെ അവിടെനിന്നും മാറ്റുന്നുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും തീയണയ്ക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്.
തീപിടിത്തത്തേതുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിന് മുമ്പ് വന്‍ പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.