കോഴിക്കോട്: (www.kvartha.com 13.01.2022) കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചേളന്നൂര്‍ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഒമ്‌നി വാനും പിക് അപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പുലര്‍ചെ 4.45 ഓടെ ബൈപാസില്‍ നിന്ന് നഗരത്തിലേക്ക് കടക്കുന്ന ഭാഗത്ത് ഏറെ വാഹന സഞ്ചാരമുള്ള പ്രദേശത്താണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്അപ് വാനിന് മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നുവെന്നും വെട്ടിച്ചപ്പോഴാണ് ഒമ്‌നി വാനില്‍ ഇടിച്ചതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
ഒമ്‌നി വാനിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ചേളന്നൂര്‍ സ്വദേശി സന്നാഫ് (39) മുരിക്കര അനൂപ്, കക്കോടി ദൃശിന്‍ പ്രമോദ് (21) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ കോഴിക്കോട് മെഡികല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.