കൊച്ചി: (www.kvartha.com 25.01.2022) പാതിരാത്രിയില്‍ കേസ് പരിഗണിച്ച് തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞ് കേരള ഹൈകോടതി. കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന അമ്പലമുകള്‍ എഫ് എ സി ടി യിലേക്ക് സല്‍ഫറുമായി എത്തിയ എം വി ഓഷ്യന്‍ റോസ് തുറമുഖം എന്ന ചരക്കുകപ്പല്‍ വിടുന്നതാണ് കോടതി അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്. രാത്രി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈകോടതിയുടെ ഉത്തരവ്.
കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തില്‍ രണ്ടര കോടി രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇടപെടല്‍. കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചത്.
തിങ്കളാഴ്ച രാത്രി 11.30ന് ഓണ്‍ലൈന്‍ സിറ്റിംഗിലൂടെയാണ് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ തുറമുഖം വിടുന്നത് ഹൈകോടതി തടഞ്ഞത്. പുലര്‍ചെ കപ്പല്‍ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രാത്രി അടിയന്തരമായി കേസ് പരിഗണിച്ചത്. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളില്‍ ഇരുന്നാണ് കേസില്‍ ഹാജരായത്.
സ്ഥാപനത്തിന് നല്‍കാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവയ്ക്കുകയോ ഈ തുകയ്ക്ക് ആനുപാതികമായ ഈടോ നല്‍കാതെ കപ്പലിനെ തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിര്‍ദേശം നല്‍കി. കോടതി നിര്‍ദേശം 15 ദിവസത്തിനകം പാലിച്ചില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യാന്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമായാണ് രാത്രികാല സിറ്റിംഗ് നടത്തുന്നത്.