തിരുവനന്തപുരം: (www.kvartha.com 28.01.2022) മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തലസ്ഥാനത്തിന് പുറമേ നാല് ജില്ലകളില്‍ കൂടി സി കാറ്റെഗറിയിലുള്ള കോവിഡ് നിയന്ത്രണം പ്രാബല്യത്തിലായി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളെ കൂടിയാണ് കാറ്റെഗറി മൂന്നില്‍ (സി-വിഭാഗം) ഉള്‍പെടുത്തിയത്.
നിയന്ത്രണങ്ങള്‍:
ഈ ജില്ലയില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികള്‍ ഉള്‍പെടെ ഒരു ഒത്തുചേരലുകളും പാടില്ല.
മതപരമായ പ്രാര്‍ത്ഥനകളും ആരാധനകളും ഓണ്‍ലൈനായി നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.
സിനിമാ തിയേറ്റര്‍, ജിമുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പെടെ) രണ്ടാഴ്ച ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം. അതേസമയം 10, 12, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. ഈ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജെര്‍ നില ശരാശരി 40 ശതമാനത്തില്‍ താഴെ എത്തുകയും ചെയ്താല്‍ സ്ഥാപനമേധാവികള്‍ ക്ലാസുകള്‍ 15 ദിവസത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ തുടരണം.
റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ബയോ ബബിള്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിയന്ത്രണം ബാധകമായിരിക്കില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയില്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാകുമ്പോഴാണ് ഒരു ജില്ലയെ സി കാറ്റെഗറിയില്‍ ഉള്‍പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിക്കുക.
അതേസമയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റെഗറി രണ്ടിലും (ബി വിഭാഗം), മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റെഗറി ഒന്നിലുമാണ് (എ വിഭാഗം). മറ്റ് ജില്ലകളില്‍ നേരത്തേ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, കണ്ണൂര്‍ ജില്ലയാണ് പുതുതായി ബി കാറ്റെഗറിയില്‍ ഉള്‍പെട്ടത്. കാസര്‍കോട് ജില്ല നിലവില്‍ ഒരു കാറ്റെഗറിയിലും ഉള്‍പെട്ടിട്ടില്ല.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.
ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിര്‍ദേശിച്ചു.