ബെംഗ്‌ളൂറു: (www.kvartha.com 18.01.2022) കര്‍ണാടകയില്‍ റുബെലാ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സമഗ്രമായ റിപോര്‍ട് തേടി മുഖ്യമന്ത്രി ബസവരാജ ബൊമ്മ. വാക്‌സിന്റെ സാമ്പിളുകള്‍ സെന്‍ട്രല്‍ വാക്‌സിന്‍ യൂനിറ്റിലേക്ക് അയച്ചിട്ടുണ്ടെന്നും, മരണപ്പെട്ട കുട്ടികളുടെ ആന്തരികാവയവങ്ങള്‍ ഫോറെന്‍സിക് പരിശോധനക്കയച്ചതായും അധികൃതര്‍ അറിയിച്ചു.
ബെലാഗവി ജില്ലയിലെ രാംദുര്‍ഗ് താലൂകില്‍ സലാഹള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ തിങ്കളാഴ്ച്ച മീസില്‍സ് (അഞ്ചാംപനി)-റുബെലാ വാക്‌സിന്‍ സ്വീകരിച്ച 10, 15 മാസം പ്രായമുളള മൂന്ന് കുട്ടികളാണ് മരിച്ചത്. അണുവിമുക്തമാക്കാത്ത സിറിന്‍ജുകള്‍ ഉപയോഗിച്ചത് മൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സമാന രീതിയില്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ട് കുട്ടികളെ ബെലാഗവി ഇന്‍സ്റ്റിറ്റിയൂടില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ജനുവരി 11, 12 തീയതികളില്‍ 20 കുട്ടികളാണ് സലാഹള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചത്.