തൃശൂര്‍: (www.kvartha.com 29.01.2022) ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ് മണരായിരിക്കണമെന്ന ദേവസ്വം ബോര്‍ഡ് പരസ്യം വിവാദമായതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു.
സംഭവം ശ്രദ്ധയില്‍പെട്ടതായും ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡെര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു.
ഈ മാസം 17ന് പുറത്തിറക്കിയ നോടീസിലെ നിബന്ധനകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പെടെ വലിയ വിമര്‍ശനത്തിന് ഇടയാക്കി. സിപിഎം ഭരിക്കുന്ന നവോത്ഥാന കേരളത്തിലാണ് ഇത്തരമൊരു നോടീസെന്നാണ് പ്രധാനമായും പരിഹാസം ഉയര്‍ന്നത്.
എന്നാല്‍ കാലങ്ങളായി പിന്തുടരുന്ന കീഴ് വഴക്കമെന്നാണ് വിഷയത്തില്‍ ദേവസ്വം അധികൃതരുടെ വിശദീകരണം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ടതും ക്വടേഷന്‍ നോടീസിലെ വിവാദ വ്യവസ്ഥ പിന്‍വലിച്ച് പുതിയത് ഇറക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
ഫെബ്രുവരി 14 മുതല്‍ 23 വരെ നടക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായാണ് ക്വടേഷന്‍ വിളിച്ചത്. പ്രസാദ ഊട്ടിലേക്കും പകര്‍ച്ച വിതരണത്തിനും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി എല്ലാ വര്‍ഷവും ദേവസ്വം ക്വടേഷന്‍ വിളിക്കാറുണ്ട്.