Follow KVARTHA on Google news Follow Us!
ad

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cinema,Dileep,Cine Actor,High Court of Kerala,Bail plea,Kerala,Trending,
കൊച്ചി: (www.kvartha.com 18.01.2022) നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസെക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് ഹര്‍ജി മാറ്റാന്‍ കാരണം. അതേസമയം അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ തുടരും.

High Court on Friday adjourned consideration of the anticipatory bail petition filed by actor Dileep and others, Kochi, News, Cinema, Dileep, Cine Actor, High Court of Kerala, Bail plea, Kerala, Trending

ദിലീപ്, സഹോദരന്‍ പി ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു കോടതി പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച, കേസ് ചൊവ്വാഴ്ചത്തേക്കു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

എന്നാല്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളവരുടെ വീടുകളില്‍ പരിശോധന നടത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി വിലക്ക് ഏര്‍പെടുത്തിയിട്ടില്ല. പ്രതികള്‍ക്കെതിരായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം പ്രോസെക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

നടന്‍ ദിലീപ് ഉള്‍പെടെയുള്ളവരുടെ വീടുകളില്‍ നടത്തിയ പരിശോധനകളില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളില്‍നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കുന്നതിനും പൊലീസ് ശ്രമിക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ കുടുതല്‍ ചോദ്യം ചെയ്യലുകളും പരിശോധനകളുമുണ്ടാകും എന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന തെളിവുകളുമായി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. തെളിവിന്റെ അഭാവത്തില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് പ്രോസെക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെകോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.

Keywords: High Court on Friday adjourned consideration of the anticipatory bail petition filed by actor Dileep and others, Kochi, News, Cinema, Dileep, Cine Actor, High Court of Kerala, Bail plea, Kerala, Trending.

Post a Comment