Follow KVARTHA on Google news Follow Us!
ad

ഹോപിനെതിരായ കേസ് ഹൈകോടതി തള്ളി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,High Court of Kerala,Kerala,
കൊച്ചി: (www.kvartha.com 12.01.2022) കേരള സംഗീതനാടക അകാഡെമി സംഘടിപ്പിച്ച വര്‍ഷാന്ത മേളയായ ഹോപ് ഫെസ്റ്റിവലിനെതിരെ നല്‍കിയ റിട് പെറ്റിഷന്‍ ഹൈകോടതി ആദ്യ പരിഗണനയില്‍ത്തന്നെ വിധിപ്രസ്താവിക്കേണ്ടതില്ലെന്നു തീരുമാനിച്ച് മടക്കി. നാടകപ്രവര്‍ത്തകരെന്നവകാശപ്പെട്ട് എറണാകുളം സ്വദേശികളായ ഷാബുമോന്‍, തിലകന്‍ എന്നിവരാണ് സാംസ്‌കാരിക വകുപ്പിനും സംഗീത നാടക അകാഡെമിക്കും അതിന്റെ സെക്രെടറിക്കുമെതിരെ റിട് ഹരജി നല്കിയത്.

High Court dismissed the case against Hope, Kochi, News, High Court of Kerala, Kerala

ഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കുന്ന നാടകങ്ങള്‍ ശരിയായ രീതിയിലല്ല തെരഞ്ഞെടുക്കപ്പെട്ടത് എന്നായിരുന്നു പരാതിക്കാരുടെ പ്രധാന ആക്ഷേപം. ഫെസ്റ്റിവല്‍ സ്റ്റേ ചെയ്യാനുള്ള അപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള പരാതിക്കാരുടെ ശ്രമവും ഫലം കണ്ടില്ല. ഫെസ്റ്റിവല്‍ ചില സംഘങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി മാത്രമാണെന്നും മത്സരമല്ലാത്തതിനാല്‍ സെലക്ഷന്റെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്നുമുള്ള സംഗീത നാടക അകാഡെമിയുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തു കൊണ്ട് കോടതി ഇതില്‍ ഇടപെടേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. ഫെസ്റ്റിവല്‍ കഴിഞ്ഞതിനാല്‍ ഹരജിയില്‍ ഒരു വിധിയും പ്രസ്താവിക്കേണ്ടതില്ലെന്നും കോടതി തീരുമാനിച്ചു.

നാടക കലാകാരന്മാരുടെ ഒരു സംഘടനയും അതിന്റെ സെക്രെടറിയുമാണ്, നിരവധി തെറ്റിദ്ധാരണകളുണ്ടാക്കുന്ന വസ്തുതകളും അസത്യപ്രസ്താവനകളും നിരത്തി ഹോപ് ഫെസ്റ്റിവലിനെതിരായി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി ദുഷ്പ്രചരണങ്ങളാരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്, കേസു കൊടുത്തതതും. ഇറ്റ് ഫോകിന്റെ പേരു മാറ്റിയെന്നും ഹോപ്, ഇറ്റ് ഫോകിനു പകരമായി നടത്തുന്ന മിനി ഫെസ്റ്റിവലാണെന്നുമുള്ള പ്രചാരണമുണ്ടായി.

കോപ് ഫെസ്റ്റിവല്‍ എന്നാണ് അവര്‍ ഇതിനെ ആക്ഷേപിച്ചത്. ചിലര്‍ ഹോപ് വേദിയില്‍ പ്രതിഷേധ പ്രകടനവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തത്പരകക്ഷികള്‍ പ്രചരിപ്പിച്ചതു പോലെ കേവലം നാടകോത്സവമല്ല, വാദ്യം, സംഗീതം, നാടകം, ക്ലൗണ്‍ഷോ, സര്‍കസ് തുടങ്ങി നിരവധി കലകളെ അണിനിരത്തിക്കൊണ്ടുള്ള സാംക്രമിക രോഗകാലത്തെ സമാശ്വാസ കലാപരിപാടിയായിരുന്നു, ഹോപ് അഥവാ ഹാര്‍മണി ഓഫ് പെര്‍ഫോമന്‍സ് ഇകോ സിസ്റ്റം.

ഹോപിന്റെ തുടര്‍ച്ചയെന്ന പോലെ അകാഡെമി കാംപസിനെ പ്രകൃതി സൗഹൃദമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ഹോപ് വേദികള്‍ക്ക് സമീപകാലത്ത് അന്തരിച്ച കലാപ്രതിഭകളുടെ പേര് നല്കിയ നടപടിയെ കലാസമൂഹം പ്രകീര്‍ത്തിക്കുകയുമുണ്ടായി. റോഷന്‍ ഹാരിസ്, പോള്‍സന്‍ എന്നിവരുടെ ഹാര്‍മോണിയസ് എന്‍കോര്‍, നൂറ്റമ്പത് കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള പെരുവനം കുട്ടന്‍ മാരാരുടെ ഇലഞ്ഞിത്തറമേളത്തിന്റെ പുനരാവിഷ്‌കരണം, ലാറ്റിനമേരികന്‍ വനിതകളുടെ സര്‍കസ് തിയറ്റര്‍, കര്‍ണാടകയിലെ ശില്പാ മുദ്ബിയും സംഘവും അവതരിപ്പിച്ച യെല്ലമ്മക്കഥകളുടെ ഗാനാവിഷ്‌കാരം, കച് പ്രവിശ്യയിലെ പ്രസിദ്ധ സൂഫി സംഗീതജ്ഞനായ മുറലാല മാര്‍വാഡയുടെ ഫോക്, ഖവാലി സംഗീത പരിപാടി, ഗോദോയെ കാത്ത് തുടങ്ങിയ നാടകങ്ങള്‍, ഉങ്കള നീന്‍ഗയെപ്പടി പാക്ക വിരുംബരീംഗാ തുടങ്ങിയ ഏകപാത്ര നാടകങ്ങള്‍, ഇറ്റ് ഫോക് വ്യാഴവട്ട സ്മരണകളുടെ കമനീയമായ ഫോടോ പ്രദര്‍ശനം തുടങ്ങിയവയടങ്ങുന്ന വൈവിധ്യങ്ങളുടെ ഈ കലാമേളയെ സഹൃദയലോകം തുറന്ന മനസ്സോടെയാണ് സ്വീകരിച്ചത്.

ഗോപാലന്‍ അടാട്ട്, കണ്ണന്‍ തിരുവനന്തപുരം, കണ്ണനുണ്ണി, കെവി ഗണേഷ്, സിആര്‍ രാജന്‍, ജെയിംസ്, സുധി പാനൂര്‍, വിനു ജോസഫ്, അഭീഷ് ശശിധരന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള വി സതീഷ്, എന്‍ വി രുദ്രബാലന്‍, ആനന്ദ് സാമി തുടങ്ങിയ പ്രതിഭകളാണ് ലഘുരംഗാവതരണങ്ങളിലെ നൂതന സംരംഭങ്ങളുമായെത്തിയത്.

പ്രബലന്‍ വേലൂര്‍, ശ്രീജ ആറങ്ങോട്ടുകര, നരിപ്പറ്റ രാജു, അരുണ്‍ ലാല്‍, വി സുരേഷ് മീനങ്ങാടി തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. സാംസ്‌കാരിക വകുപ്പുമന്ത്രി ഹോപിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. റവന്യു വകുപ്പുമന്ത്രി കെ രാജന്‍ ഹോപ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പാട്ട്, നിര്‍വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാഷ്, വി ഡി പ്രേമപ്രസാദ്, വി ടി മുരളി തുടങ്ങിയവരും പങ്കെടുത്തു. ഹോപ് എല്ലാ വര്‍ഷവും വ്യത്യസ്ത ജില്ലകളിലായി നടത്തുമെന്ന അകാഡെമി സെക്രെടറി ഡോ. പ്രഭാകരന്‍ പഴശ്ശിയുടെ പ്രഖ്യാപനത്തോടെയാണ് ഹ്രസ്വമേളയ്ക്ക് തിരശ്ശീല വീണത്.
Keywords: High Court dismissed the case against Hope, Kochi, News, High Court of Kerala, Kerala.

Post a Comment