തിരുവനന്തപുരം: (www.kvartha.com 26.01.2022) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ബുധനാഴ്ച കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ബുധനാഴ്ച സ്വര്‍ണ വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഒരു പവന് 36600 രൂപയായിരുന്നു.
ജനുവരി 10 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. 200 രൂപയാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് കൂടിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി സ്വര്‍ണവില പവന് 36,400 രൂപയില്‍ തുടരുകയായിരുന്നു. ജനുവരി 21ന് വില ഉയര്‍ന്ന ശേഷം ജനുവരി 22ന് വില വീണ്ടും താഴേക്ക് പോയിരുന്നു.
ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വര്‍ധനവും ഇടിവുമുണ്ടായി. രണ്ട് ദിവസം കൊണ്ട് 40 രൂപയാണ് സ്വര്‍ണവിലയില്‍ ഗ്രാമിനുണ്ടായ വര്‍ധന. ഓഹരി വിപണികളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരിച്ചടികളെ തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മടങ്ങിയതാണ് വില വര്‍ധിക്കാനുള്ള ഒരു കാരണം.
അതേസമയം, 2022ല്‍ സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2,100 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് റിപോര്‍ടുകള്‍.