ചെന്നൈ: (www.kvartha.com 03.01.2022) ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ്. തുറൈപാക്കത്തുള്ള ഫ്‌ലാറ്റ് സമുച്ചയത്തിലെ ഏഴാം നിലയിലുള്ള അപാര്‍ട്‌മെന്റിലാണ് മണികണ്ഠനെ(36)യും ഭാര്യ താര(35)യെയും ആണ്‍മക്കളായ ധരണ്‍(10), ധഗന്‍(ഒന്ന്) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച പകല്‍ ആരെയും പുറത്ത് കാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയതോടെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ചയാണ് സംഭവം. ഭാര്യയെ ക്രികെറ്റ് ബാറ്റുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ മക്കളെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ കഴിഞ്ഞ് രണ്ട് മാസമായി ജോലിക്ക് പോയിരുന്നില്ല.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്ന ഇയാള്‍, ഇതിന്റെ പേരില്‍ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നതായും മണികണ്ഠന് വലിയൊരു തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.
ആത്മഹത്യയിലേയ്ക്ക് നയിക്കുന്നുവെന്നതിന്റെ പേരില്‍ മുമ്പ് തമിഴ്‌നാട് സര്‍കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈകോടതി ഇത് റദ്ദാക്കുകയായിരുന്നു.