പത്തനംതിട്ട: (www.kvartha.com 16.01.2022) കൊടുമണ്‍ സെര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ കൊടുമണ്‍ സിഐ മഹേഷ് കുമാറിന് പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ടപ്പോഴാണ് സിഐക്ക് തലയ്ക്ക് പരിക്കേറ്റതെന്നാണ് വിവരം.
മറ്റുരണ്ട് പൊലീസുകാര്‍ക്കും സിപിഎം, സിപിഐ പാര്‍ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും അടൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടുമണ്‍ സെര്‍വീസ് സഹകരണ ബാങ്കില്‍ സിപിഎമും സിപിഐയും രണ്ട് പാനലായാണ് മത്സരിക്കുന്നത്. മറ്റ് പാര്‍ടികള്‍ക്ക് പാനലോ സ്ഥാനാര്‍ഥികളോ ഉണ്ടായിരുന്നില്ല. സിപിഎമും സിപിഐയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നതിനാല്‍ ഇരുപാര്‍ടികളിലേയും നിരവധി പ്രവര്‍ത്തകര്‍ വോടെടുപ്പ് നടന്ന അങ്ങാടിക്കല്‍ എസ്എന്‍വി സ്‌കൂള്‍ പരിസരത്ത് രാവിലെ മുതല്‍ ഉണ്ടായിരുന്നു. പ്രദേശത്ത് രാവിലെ തന്നെ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് ഇരുപാര്‍ടികളുടേയും പ്രധാന നേതാക്കളടക്കം സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്കുശേഷം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും സോഡാ കുപ്പികളും വലിച്ചെറിഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.