മുംബൈ: (www.kvartha.com 28.01.2022) കോവിഡ് ഭേദമായവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങളെന്ന് ഡോക്ടര്‍മാര്‍. മൂന്നാംതരംഗത്തില്‍ കോവിഡ് ബാധിച്ച് ഭേദമായവരില്‍ വിവിധ ചര്‍മ, സന്ധി രോഗങ്ങള്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധ മൂലം പ്രതിരോധശേഷി കുറയുന്നതാണ് ദ്വിതീയ അണുബാധകള്‍ക്ക് കാരണമാവുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഹെര്‍പസ് സോസ്റ്റര്‍, സന്ധിവേദന (ആര്‍ത്രാല്‍ജിയ) എന്നിവയാണ് കൂടുതലായും കണ്ടുവരുന്നതെന്നും മുംബൈ നഗരത്തിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് മിഡ് ഡേ റിപോര്‍ട് ചെയ്യുന്നു. ചികന്‍ പോക്‌സ് ബാധിച്ച് ഭേദമായ ചിലരില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടുവരുന്ന വ്രണസമാനമായ രോഗമാണ് ഹെര്‍പസ് സോസ്റ്റര്‍.
കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെയാണ് ദ്വിതീയ അസുഖങ്ങള്‍ കൂടുതലായും ബാധിച്ചിരുന്നതെങ്കിലും ഇത്തവണ 40 വയസിന് താഴെയുള്ളവരെയാണ് ഇവ ബാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിരോധശേഷി കുറയുന്നതിനാല്‍ കോവിഡിന് ശേഷം വിവിധ അണുബാധകള്‍ റിപോര്‍ട് ചെയ്യപ്പെടുന്നതായി എല്‍ എച് ഹിരനന്ദനി ആശുപത്രിയിലെ ഡോ. നീരജ് തുലാര പറഞ്ഞു.
ഹെര്‍പസ് സോസ്റ്റര്‍, മോളസ്‌കം കോണ്ടാഗിയോസം, അരിമ്പാറ തുടങ്ങിയ നിരവധി വൈറല്‍ ചര്‍മ രോഗങ്ങള്‍ 2021 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ടാം തരംഗത്തില്‍ ഗണ്യമായി ഉയര്‍ന്നതായി നാനാവതി മാക്‌സ് സൂപെര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി സീനിയര്‍ കണ്‍സള്‍ടന്റ് ഡോ. വന്ദന പഞ്ചാബി പറഞ്ഞു.
'ഇപ്പോള്‍ കേസുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും റിപോര്‍ട് ചെയ്യപ്പെടുന്ന ചര്‍മ രോഗങ്ങളില്‍ 20 ശതമാനവും ഇത്തരത്തിലുള്ളവയാണ്. ഈ പ്രവണതയുടെ പ്രധാന കാരണം കോവിഡ് -19 മൂലം പ്രതിരോധശേഷി കുറയുന്നതും ഈ വൈറസുകളെ നേരിടാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മയുമാണ്' എന്നും ഡോക്ടര്‍ പറഞ്ഞു.
40 വയസ്സിന് താഴെയുള്ളവരില്‍ രോഗബാധ കൂടുന്നു'മഹാമാരിയുടെ മുന്‍തരംഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റുരോഗങ്ങള്‍ ബാധിച്ച് പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നീ വിഭാഗക്കാരിലായിരുന്നു വിവിധ അണുബാധകള്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തിനുശേഷം 40 വയസും അതില്‍ താഴെയുമുള്ള രോഗികള്‍ക്കിടയില്‍ അണുബാധകള്‍ വര്‍ധിച്ചു' എന്നും ഡോ. വന്ദന പഞ്ചാബി കൂട്ടിച്ചേര്‍ത്തു.
കോവിഡ് ഭേദമാകുന്ന ഘട്ടത്തില്‍ നിരവധി രോഗികളില്‍ ത്വക്ക് സംബന്ധമായ സങ്കീര്‍ണതകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നും ഷിംഗിള്‍സ് എന്നറിയപ്പെടുന്ന ഹെര്‍പസ് സോസ്റ്റര്‍ രോഗം കണ്ടുവരുന്നുണ്ടെന്നും വോക് ഹാര്‍ഡ് ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ടന്റ് ഫിസിഷ്യന്‍ ഡോ.പ്രീതം മൂണ്‍ പറഞ്ഞു. നേരത്തെ ചികന്‍ പോക്‌സ് വന്നവരില്‍ കോവിഡ് -19 മൂലം പ്രതിരോധശേഷി കുറയുന്നതാണ് ഹെര്‍പസ് സോസ്റ്റര്‍ ബാധിക്കാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഹെര്‍പസ് സോസ്റ്റര്‍ സാധാരണഗതിയില്‍ ഞരമ്പുകളില്‍ പ്രവര്‍ത്തനരഹിതമായി കാണപ്പെടാറുണ്ട്. നല്ല പ്രതിരോധശേഷി ഉള്ളപ്പോള്‍ ഇത് ഒരു പ്രശ്നവും ഉണ്ടാക്കില്ല. എന്നാല്‍, കോവിഡിന് ശേഷം പ്രതിരോധശേഷി ദുര്‍ബലമാകുമ്പോള്‍ ചുണ്ട്, മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഹെര്‍പസ് സോസ്റ്ററിന്റെ വകഭേദങ്ങളായ ഷിംഗിള്‍സ്, ഹെര്‍പസ് എന്നിവ പ്രത്യക്ഷപ്പെടുന്നു' എന്നും ഡോ. തുലാര പറഞ്ഞു.
കോവിഡ് ഭേദമായിട്ടും ചിലരില്‍ സന്ധിവേദന തുടരുന്നതും നേരത്തെ രോഗമുള്ളവര്‍ക്ക് വേദന കൂടുതല്‍ അനുഭവപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി മൂലമുള്ള സമ്മര്‍ദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ശീലമാക്കണമെന്ന് അപ്പോളോ സ്‌പെക്ട്ര മുംബൈയിലെ ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. സഫിയുദ്ദീന്‍ നദ്‌വി പറഞ്ഞു.
Keywords: Covid third wave has brought many new secondary infections, Mumbai, News, Health, Health and Fitness, COVID-19, Doctor, Report, Patient, National.