തിരുവനന്തപുരം: (www.kvartha.com 21.01.2022) കേരളത്തില്‍ വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ കോവിഡ് കണക്കിലേക്ക് ഉയര്‍ന്നിട്ടും പരീക്ഷകളും അഭിമുഖവും സെര്‍ടിഫികറ്റ് പരിശോധനകളും മാറ്റിവയ്ക്കാതെ കേരള പബ്ലിക് സെര്‍വിസ് കമീഷന്‍.
കോവിഡ് അതിതീവ്രതയ്ക്കിടയിലും ഈ മാസം 23ന് വിവിധ വകുപ്പുകളില്‍ നടത്തുന്ന ലബോറടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, റിസപ്ഷനിസ്റ്റ് തസ്തികയിലേക്കുള്ള ഒ എം ആര്‍ പരീക്ഷയ്ക്ക് 35,279 ഉദ്യോഗാര്‍ഥികള്‍ക്കാണ് പി എസ് സി സൗകര്യം ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ച വിദ്യാഭ്യാസവകുപ്പിലെ ഫുള്‍ ടൈം ലാൻഗ്വേജ് ടീചെര്‍ (സംസ്‌കൃതം) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലായി 1438 പേരോട് പരീക്ഷയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം.
പി എസ് സി ആസ്ഥാനത്ത് 45ഓളം ജീവനക്കാര്‍ കോവിഡ് ബാധിതരാകുകയും 20 ഓളം പേര്‍ ക്വാറന്റീനിലാവുകയും ചെയ്തിട്ടും അഭിമുഖത്തിനും സെര്‍ടിഫികറ്റ് പരിശോധനയ്ക്കുമായി വിവിധ ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളോട് പി എസ് സി ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറിനും അദ്ദേഹത്തിന്റെ രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും നാളുകളായി ചെയര്‍മാന്റെ ഓഫിസ് അടഞ്ഞുകിടക്കുകയാണ്. ചെയര്‍മാന് പുറമെ, ഒരു കമീഷന്‍ അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച ചേരേണ്ട കമീഷന്‍ പോലും പി എസ് സി ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് ടി പി ആര്‍ നിരക്ക് 46.68 ശതമാനമുള്ള തിരുവനന്തപുരത്തടക്കം ശനി, ഞായര്‍ ദിവസങ്ങളില്‍ വലിയ പരീക്ഷകള്‍ നടത്താന്‍ പി എസ് സി ഒരുങ്ങുന്നത്.
പി എസ് സി ആസ്ഥാനംതന്നെ ക്ലസ്റ്ററായി മാറാന്‍ സാധ്യതയുള്ളപ്പോള്‍ സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് വിമുക്തഭടന്മാര്‍ക്കും കേരള കോഓപറേറ്റിവ് മില്‍ക് മാര്‍കെറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ടിനും ഈ മാസം 27 ന് പി എസ് സി ആസ്ഥാനത്ത് അഭിമുഖം നടത്താനാണ് തീരുമാനം.
വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പബ്ലിക് അഡ്മിനിട്രേഷന്‍ തസ്തികയിലേക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസെര്‍ തസ്തികയിലേക്കും 22 മുതല്‍ 29 വരെ പ്രമാണ പരിശോധനക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നടക്കുന്ന പരീക്ഷാ നടപടികള്‍ക്കെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കളും എത്തുന്നതോടെ പരീക്ഷകേന്ദ്രങ്ങളിലും പുറത്തും വന്‍തോതില്‍ രോഗം പകരാന്‍ സാധ്യതയുള്ളതായി ജീവനക്കാര്‍ ആരോപിക്കുന്നു.