പാലാ: (www.kvartha.com 01.01.2022) പാലാ ബൈപാസ് വൈകിപ്പിച്ചതാരെന്നതിനെ ചൊല്ലി വിവാദം. സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർചകൾ കൊഴുക്കുകയാണ്. നിലവിൽ എംഎൽഎയായ മാണി സി കാപ്പനെതിരെയാണ് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. നാലു കിലോമീറ്റര്‍ മാത്രം നീളമുള്ള പാലാ ബൈപാസിന്റെ 3.900 കിലോ മീറ്ററും കാപ്പൻ എം എൽ എ ആകുന്നതിനും മുമ്പ് മൂന്ന് വര്‍ഷം മുന്നേ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നുവെന്നും എന്നാല്‍ ബാക്കിയുള്ള മൂന്നു ഭാഗങ്ങളിലെ 100 മീറ്റര്‍ നിര്‍മാണം തടസപ്പെടുത്തിയത് എംഎൽഎയുമായി അടുപ്പമുള്ളവർ ആണെന്നുമാണ് ആരോപണം.
പാലാ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് അന്ന് എംഎൽഎ ആയിരുന്ന കെ എം മാണി മുന്‍കയെടുത്ത് പാലാ ബൈപാസ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. കിഴതടിയൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പുലിയന്നൂര്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന ഈ റോഡിന് നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. മൂന്നു ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയായ ഈ റോഡിന് കേന്ദ്ര റോഡ് പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍കാര്‍ വിഹിതവും ഉള്‍പെടെ 80 കോടിയിലധികം രൂപ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി ചിലവഴിച്ചിരുന്നു.
പാലാ ബൈപാസ് നേരത്തെ യാഥാർഥ്യമായെങ്കിലും ളാലം പള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി കുപ്പി കഴുത്ത് മാതൃകയിൽ റോഡ് മാറുകയായിരുന്നു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമായി. മൂന്ന് കുടുംബങ്ങൾ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ ബൈപാസ് പൂർത്തീകരണം അനിശ്ചിതത്വത്തിലായി. വർഷങ്ങളോളം ഈ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു. എംഎല്‍എയുടെ ഒരു അടുത്ത ബന്ധുവും ഇവരുടെ രണ്ടു കുടുംബ സുഹൃത്തുക്കളുമാണ് കോടതിയെ സമീപിച്ചതെന്നാണ് ആരോപണം.
സംസ്ഥാന സര്‍കാരും പാലാ മുൻസിപാലിറ്റിയും കേസില്‍ കക്ഷി ചേരുകയും നിയമപോരാട്ടം സജീവമാക്കുകയുമായിരുന്നു. അതിനിടെ മൂന്നു വര്‍ഷം മുമ്പ് കെഎം മാണി മരിക്കുകയും പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അന്നു മത്സരിച്ച മാണി സി കാപ്പന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കുപ്പിക്കഴുത്ത് നിവര്‍ത്തി ബൈപാസ് യാഥാർഥ്യമാക്കുമെന്നായിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം എംഎല്‍എയായിരുന്നിട്ടും കാപ്പന് അതിനു കഴിഞ്ഞില്ല. കോടതി നടപടികള്‍ അവസാനിക്കാതിരുന്നതോടെ കുപ്പിക്കഴുത്ത് നിവര്‍ത്തല്‍ നടന്നതുമില്ല.
ഒടുവിൽ അടുത്തിടെ കോടതി സ്ഥലമേറ്റെടുക്കലിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തീർപ്പാക്കിയതോടെ കുപ്പിക്കഴുത്ത് ഭാഗത്തെ വികസനവും പൂര്‍ത്തിയാക്കാനായി. എന്നാൽ കോടതി ഇടപെട്ട് തീര്‍പ്പാക്കിയ വിഷയത്തില്‍ എംഎല്‍എയുടെ ആളുകൾ 'ചരിത്രം വഴിമാറി'യെന്ന നിലപാടുമായി ഫ്‌ലക്‌സ് വെച്ചെന്ന് ചിലർ പരിഹസിക്കുന്നു.
മുമ്പ് ബൈപാസ് നിര്‍മാണത്തിനായി അന്ന് എം പിയായിരുന്ന ജോസ് കെ മാണിയുടെ വികസന ഫൻഡും കെഎം മാണി മുന്‍കൈയെടുത്ത് അനുവദിപ്പിച്ച തുകയും മാത്രമാണ് ചിലവഴിച്ചിട്ടുള്ളതെന്നും നിലവിലെ എംഎല്‍എയുടെ യാതൊരു വികസന ഫൻഡും ഉപയോഗിച്ചല്ല നിര്‍മാണം നടത്തിയതെന്നതും ഒരു വിഭാഗം പറയുന്നു. കോടതി വിധി വന്നപ്പോള്‍ ആര് എംഎല്‍എയായാലും നടക്കുന്ന അതേ പ്രവര്‍ത്തി മാത്രമെ ഇപ്പോഴും നടന്നിട്ടുള്ളൂവെന്നാണ് ഇവരുടെ വാദം. നേരത്തെ ഈ ബൈപാസ് നിര്‍മാണം തുടങ്ങിയ സമയത്ത് മാണി സി കാപ്പൻ കുടുംബക്കാരെയും സുഹൃത്തുക്കളെയും വ്യവഹാരത്തില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നെങ്കില്‍ മൂന്നുവര്‍ഷം മുമ്പെങ്കിലും ബൈപാസ് പൂര്‍ണമായും ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാകുമായിരുന്നുവെന്നും ഇവർ പറയുന്നു.
Keywords: Kerala, News, Top-Headlines, Kottayam, Road, Social Media, Traffic, State, Court, MLA, Mani c kappan, M P, Jose K Mani, Controversy over Pala bypass issue.