ശംഖുമുഖം ക്ഷേത്രത്തിലെ മണി സ്തൂപത്തെ ചൊല്ലി വിവാദം; കുരിശിന്റെ രൂപമെന്ന് പരാതി; പണി നിര്‍ത്തിവച്ചു
Jan 13, 2022, 11:25 IST
തിരുവനന്തപുരം: (www.kvartha.com 13.01.2022) ശംഖുമുഖം ക്ഷേത്രത്തിലെ മണി സ്തൂപത്തിന് കുരിശിന്റെ രൂപമെന്ന് പരാതി ഉയര്‍ന്നതോടെ നിര്‍മാണം നിര്‍ത്തിവച്ചു. നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍, പരാതിക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യമുള്ളവരാണെന്നാണ് ക്ഷേത്രം ഉപദേശക സമിതിയുടെ നിലപാട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശംഖുമുഖം ദേവീ ക്ഷേത്രത്തില്‍ മണി സ്തൂപം നിര്‍മിക്കാന്‍ ബെംഗളൂറിലുള്ള ഒരു ഭക്തനാണ് നാല് ലക്ഷം രൂപ നല്‍കിയത്. മണി സ്തൂപത്തിന്റെ രൂപരേഖ ദേവസ്വം പൊതുമരാമത്ത് അംഗീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് ബോര്‍ഡിന്റെ അനുമതിയോടെ നിര്‍മാണവും തുടങ്ങിയത്. ദേവസ്വം പൊതുമരാമത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത് ദേവസ്വം മന്ത്രിയാണ്.
എന്നാലിപ്പോള്‍ കുരിശിന്റെ ആകൃതിയിലാണ് സ്തൂപമെന്നും നിര്‍മാണം നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്നും ചിലര്‍ പണം മുടക്കിയ ഭക്തനോട് ആവശ്യപ്പെട്ടുവെന്നാണ് ക്ഷേത്രം ഉപദേശകസമിതി പറയുന്നത്. ഇതോടെ സ്‌പോണ്‍സര്‍ പണി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
വിഷയം വിവാദമായതോടെ ബോര്‍ഡിനെതിരെ ഹൈന്ദവ സംഘടനകളും രംഗത്തെത്തി. ദേവസ്വം ബോര്‍ഡിനോ മന്ത്രിക്കോ ഒന്നും നേരിട്ട് പരാതി നല്‍കാതെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഉപദേശകസമിതി നിലപാട്. എന്തായാലും പ്രശ്‌നം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഉപദേശക സമിതി ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയതായാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.