ന്യൂഡെല്‍ഹി: (www.kvartha.com 20.01.2022) റിപബ്ലിക് ദിനത്തില്‍ പ്രദര്‍ശിപ്പിക്കാനായി കേരളം നല്‍കിയ മാതൃക തള്ളിയത് ഡിസൈനിന്റെ അപാതക മൂലമാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും കേന്ദ്രം. ടൂറിസം@75 (Tourism@75) എന്ന വിഷയത്തില്‍ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം മാതൃക സമര്‍പിച്ചതെന്നാണ് കേന്ദ്ര സര്‍കാരിന്റെ വാദം. ഇതില്‍ പിന്നീട് മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ആദ്യം കേരളം നല്‍കിയ മാതൃകയില്‍ മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമ ഉള്‍പെടുത്താന്‍ കേരളം ശ്രമിച്ചു. എന്നാല്‍ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു. കേരളം സമര്‍പിച്ച വിവിധ മാതൃകകളുടെ ചിത്രങ്ങളും കേന്ദ്രം പുറത്തുവിട്ടു.
അതേസമയം, എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അച്ഛനും എസ്എന്‍ഡിപി ജനറല്‍ സെക്രടറിയുമായ വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ മാതൃക തള്ളിയതിനെതിരെ രംഗത്തെത്തി. നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയാണിതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
'ബിജെപിക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാവണം.' എന്നായിരുന്നു വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
2019-ലും 2020-ലും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ കേന്ദ്രം തള്ളിയിരുന്നു. തെയ്യത്തിന്റെയും കലാമണ്ഡലത്തിന്റെയും ചിത്രങ്ങളാണ് 2020-ല്‍ കേരളം സമര്‍പിച്ചത്. കേരളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ തള്ളിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്നത്തെ സാംസ്‌കാരികമന്ത്രി കൂടിയായ എ കെ ബാലന്‍ ആരോപിച്ചിരുന്നു. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തെ തള്ളിക്കളയുകയായിരുന്നു കേന്ദ്രമെന്നായിരുന്നു സിപിഎം കേന്ദ്രങ്ങള്‍ അന്ന് ആരോപിച്ചത്.