കൊച്ചി: (www.kvartha.com 14.01.2022) ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'പറയാതെ വന്നെന്‍ ജീവനില്‍...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ആണ്. മോഹന്‍ലാലിനെ കാണിക്കുന്ന രംഗങ്ങളില്‍ എം ജി ശ്രീകുമാറും, പൃഥ്വിരാജിനെ കാണിക്കുന്ന രംഗങ്ങളില്‍ വിനീത് ശ്രീനിവാസനും ആണ് പാടിയിരിക്കുന്നത്.
ദീപക് ദേവാണ് സംഗീത സംവിധായകന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലും ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി എന്നിവര്‍ ഗാനം പങ്കുവെച്ചിട്ടുണ്ട്. ഗാനത്തിന്റെ റെകോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍വച്ചായിരുന്നു ഗാനം റെകോര്‍ഡ് ചെയ്തത്.
ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്.
ശ്രീജിത് എന്‍ ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്. ഹോട് സ്റ്റാറിലൂടെ ഒ ടി ടി റിലീസായിട്ടാണ് ചിത്രമെത്തുന്നത്.