തിരുവനന്തപുരം: (www.kvartha.com 14.01.2022) കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. അന്ന് ജലന്ധര്‍ ബിഷപായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പറഞ്ഞത്.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പെടെ ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. മേജര്‍ ആര്‍ച് ബിഷപ് ജോര്‍ജ് ആലഞ്ചേരി ഉള്‍പെടെ നാല് ബിഷപുമാരെ ഈ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചിരുന്നു. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത ഏഴ് മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെടുത്തു. പ്രതിഭാഗത്തുനിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെയാണ്. 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വച്ച് കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. വൈക്കം ഡി വൈ എസ് പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. നാല് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21 നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അഡ്വ. ജിതേഷ് ജെ ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂടര്‍.