തിരുവനന്തപുരം: (www.kvartha.com 29.01.2022) ജവാന്‍ മദ്യത്തിന്റെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ബെവ്‌കോ എംഡിയുടെ ശുപാര്‍ശ. പാലക്കാട് 10 വര്‍ഷമായി അടഞ്ഞു കിടക്കുന്ന മലബാര്‍ ഡിസ്റ്റലറി തുറക്കണമെന്നും ശുപാര്‍ശയുണ്ട്.
പ്രതിദിനം 7000 കെയ്‌സില്‍ നിന്നും 16,000 കെയ്‌സിലേക്ക് ഉല്പാദനം ഉയര്‍ത്തണമെന്നാണ് ബെവ്‌കോ എംഡിയുടെ ശുപാര്‍ശ. മലബാര്‍ ഡിസ്റ്റലറിയില്‍ ജവാന്‍ ബ്രാന്‍ഡ് ഉല്പാദിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് ബെവ്‌കോ സര്‍കാരിന് കത്ത് നല്‍കി. സര്‍കാര്‍ മേഖലയില്‍ മദ്യ വില്‍പന വര്‍ധിപ്പിക്കണമെന്നാണ് ബെവ്‌കോയുടെ ആവശ്യം. പുതിയ എക്‌സൈസ് നയത്തിന്റെ ഭാഗമായി ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടാണുളളത്. ബെവ്‌റേജസ് കോര്‍പറേഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ഡിസ്റ്റിലറീസ് തുറക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമികല്‍ ലിമിറ്റഡാണ് ജവാന്‍ മദ്യത്തിന്റെ ഉല്‍പാദകര്‍. നിലവില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. മദ്യ നിര്‍മാണത്തിനായി ഒരു ലൈന്‍ സ്ഥാപിക്കാന്‍ തന്നെ 30 ലക്ഷം രൂപ ചിലവാകുമെന്നാണ് കമ്പനിയുടെ കണക്ക്.
കൂടാതെ മേല്‍നോട്ടക്കാരെയടക്കം പുതിയ ജീവനക്കാരെ കമ്പനി നിയമിക്കേണ്ടി വരും. ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്. ജവാന്‍ റം പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് ചില്ലുകുപ്പിയിലേക്ക് മാറ്റാന്‍ കമ്പനി ടെന്‍ഡെര്‍ വിളിച്ചിട്ടുണ്ട്.