ലക്‌നൗ: (www.kvartha.com 20.01.2022) ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 41 സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഇതില്‍ 16 വനിത സ്ഥാനാര്‍ഥികളാണ് ഉള്‍പെടുന്നത്. ആദ്യഘട്ടത്തില്‍ 125 സ്ഥാനാര്‍ഥികളുടെ പേരുകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 50 പേര്‍ സ്ത്രീകളായിരുന്നു.
അതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി റായ്ബറേലി എം എല്‍ എയായ അദിതി സിങ് രാജിവച്ചു. രാജിക്കത്ത് അദിതി സിങ് തന്നെ ട്വിറ്റെറില്‍ പങ്കുവെക്കുകയും ചെയ്തു. പാര്‍ടി വിട്ടതിന് പിന്നാലെയാണ് എം എല്‍ എ സ്ഥാനാവും രാജിവച്ചത്. നേരത്തേ ഇവര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച അഖിലേഷ് സിങിന്റെ മകളാണ് അദിതി സിങ്. 2017ല്‍ കോണ്‍ഗ്രസ് ടികെറ്റില്‍ റായ്ബറേലിയില്‍ നിന്ന് നിയമസഭയിലെത്തുകയായിരുന്നു. കോണ്‍ഗ്രസിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന അദിതി 2020 ജൂണ്‍ മുതല്‍ പാര്‍ടിയുടെ വാട്‌സ്ആപ് ഗ്രൂപില്‍നിന്നും വിട്ടുനിന്നിരുന്നു.
പാര്‍ടിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ വനിത വിങ് ജെനറല്‍ സെക്രടറി സ്ഥാനത്തുനിന്ന് അദിതി സിങിനെ നേരത്തേ പുറത്താക്കിയിരുന്നു. പിന്നാലെയായിരുന്നു ബി ജെ പിലേക്കുള്ള പറിച്ചുനടല്‍.