ലക്‌നൗ: (www.kvartha.com 21.01.2022) ബി ജെ പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ മുലായം സിങിന്റെ അനുഗ്രഹം തേടി മരുമകള്‍ അപര്‍ണ ബിഷ്ത് യാദവ്. ലക്‌നൗവിലെ വീട്ടിലെത്തി അപര്‍ണ ബിഷ്ത് യാദവ് ഭര്‍തൃപിതാവായ മുലായം സിങിന്റെ ആശീര്‍വാദം വാങ്ങി. മുലായം സിങിന്റെ യാദവിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം അപര്‍ണ തന്നെ ട്വിറ്റെര്‍ അകൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
ബി ജെ പി അംഗത്വമെടുത്ത് ലക്നൗവിലെ അമൗസി എയര്‍പോര്‍ടില്‍ എത്തിയപ്പോള്‍ പാര്‍ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും ഈ പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദിയുണ്ടെന്നും കഴിഞ്ഞ ദിവസം അപര്‍ണ ട്വീറ്റ് ചെയ്തു.
സമാജ് വാദി പാര്‍ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ ഇളയ മരുമകളാണ് അപര്‍ണ ബിഷ്ത് യാദവ്. മുലായമിന്റെ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. കഴിഞ്ഞ ബുധനാഴ്ചയാണ് അപര്‍ണ ന്യൂഡെല്‍ഹിയിലെ പാര്‍ടി ആസ്ഥാനത്തെത്തി ബി ജെ പി അംഗത്വം സ്വീകരിച്ചത്.
അപര്‍ണ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഞങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ കഴിയാത്തവരെയൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.