സമീപവാസിയായ വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ കൈക്കലാക്കിയെന്ന കേസില്‍ അമ്മയും മകനും സുഹൃത്തും അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com 15.01.2022) സമീപവാസിയായ വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കൊലപാതകം നടന്നത്. 

സമീപവാസിയായ വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ കൈക്കലാക്കിയെന്ന കേസില്‍ അമ്മയും മകനും സുഹൃത്തും അറസ്റ്റില്‍

കൊലയ്ക്കുശേഷം മൃതദേഹം വീടിന്റെ തട്ടില്‍ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കഴക്കൂട്ടത്ത് നിന്നും പിടികൂടുകയായിരുന്നു. വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ദേഹത്ത് അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയെ(75)യാണ് അമ്മയും മകനും സുഹൃത്തും അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശി റഫീക ബീവി(50), ഇവരുടെ സുഹൃത്ത് അല്‍ അമീന്‍(26), റഫീകയുടെ മകന്‍ ഷഫീക്(23) എന്നിവരാണ് പൊലീസ് പിടിയിലായത്.

വയോധികയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം ചുറ്റികയ്ക്ക് സമാനമായ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവയും പ്രതികള്‍ കൈക്കലാക്കി.

പ്രതികള്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ തങ്ങള്‍ വീട് മാറിപ്പോകുമെന്ന് പ്രതികള്‍ ഉടമയെ അറിയിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ട് വീട്ടിലെത്തിയ ഉടമയുടെ മകന്‍ വാടകയ്ക്ക് നല്‍കിയ വീടിന്റെ കതകില്‍ താക്കോല്‍ ഉള്ളതായി കണ്ടു. വീട്ടുകാരെ വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.

വീട് തുറന്നപ്പോഴാണ് തട്ടിനുമുകളില്‍ നിന്ന് വരാന്തയിലേക്ക് രക്തം വീഴുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് തട്ടിനുമുകളില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ താമസിച്ചിരുന്നവരെ കണാതായതോടെ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഇതിനിടയില്‍ മരിച്ചത് റഫീകയാണെന്ന് കരുതി അവരുടെ ബന്ധുക്കളും എത്തി. തുടര്‍ന്ന് പൊലീസ് പ്രതികളുടെ ഫോണ്‍ നമ്പറുകളുടെ ലൊകേഷന്‍ പരിശോധിച്ചപ്പോള്‍ തൈക്കാട് സംഗീത കോളജിനടുത്തുള്ളതായി കണ്ടെത്തി. പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ കയറി സ്ഥലം വിട്ടിരുന്നു.

തുടര്‍ന്ന് ബസിന്റെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്ത് ഉള്‍പെട്ട പൊലീസ് സംഘം കഴക്കൂട്ടത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

സനല്‍കുമാര്‍, ശിവകല എന്നിവരാണ് മരിച്ച ശാന്തകുമാരിയുടെ മക്കള്‍. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Keywords: 3 arrested for murder of old woman, Thiruvananthapuram, News, Police, Arrested, Murder, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia