തിരുവനന്തപുരം: (www.kvartha.com 29.12.2021) മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നതായി പൊലീസ്. പേട്ട ചാലക്കുടി ലൈനിലാണ് നാടിനെ നടുക്കിയ സംഭവം. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പുലര്‍ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ടതോടെ ലാലന്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാഞ്ഞതോടെ വാതില്‍ തല്ലിപൊളിച്ച് അകത്ത് കയറുകയായിരുന്നു. മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു.
തുടര്‍ന്നാണ് ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പറഞ്ഞു. സ്ഥലത്തെത്തി യുവാവിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.