മുംബൈ: (www.kvartha.com 30.12.2021) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ മുംബൈ ദഹിസര്‍ ഈസ്റ്റ് ശാഖയയില്‍ കവര്‍ച നടന്ന സംഭവത്തില്‍ 16 കാരന്‍ ഉള്‍പെടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. കവര്‍ചയ്ക്ക് ശേഷം ദഹിസര്‍ റെയില്‍വേ സ്റ്റേഷന്‍ പാലത്തിലൂടെ ഓടി രക്ഷപ്പെട്ട പ്രതികളെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ദഹിസര്‍ ഈസ്റ്റിലുള്ള പാല്‍ശേഖരണകേന്ദ്രത്തില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയതെന്നാണ് വിവരം.
ക്രൈംബ്രാഞ്ച് യൂനിറ്റ് ഇലവനും സോണ്‍ ഇലവനും ചേര്‍ന്ന് നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്. കവര്‍ചക്കിടെ ബാങ്ക് ജീവനക്കാരനായ സന്ദേശ് ഗോമര്‍ എന്ന ജീവനക്കാരനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേര്‍ ബാങ്കില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ സന്ദേശ് ഗോമര്‍(25) എന്ന ജീവനക്കാരന്‍ ഇവരെ തടഞ്ഞു നിര്‍ത്തിയതിനിടെ മോഷ്ടാക്കളിലൊരാള്‍ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി ഗോമറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മറ്റ് ജീവനക്കാര്‍ പറഞ്ഞു. മറ്റ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച. ഇതിന്റെ ദൃശ്യങ്ങള്‍ ബാങ്കിന്റെ സിസി ടിവിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
വെടിയുതിര്‍ത്ത ശേഷം രണ്ട് മിനിറ്റ് മാത്രമാണ് കവര്‍ചക്കാര്‍ ബാങ്കിനുള്ളില്‍ നിന്നത്. മറ്റു ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കയ്യില്‍ കിട്ടിയ പണവുമെടുത്ത് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുന്‍പേ അക്രമികള്‍ രക്ഷപ്പെട്ടു. വെടിയേറ്റ സന്ദേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.