ന്യൂഡെല്‍ഹി: (www.kvartha.com 15.12.2021) മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷടെര്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതി തീരുമാനമെടുക്കട്ടെയെന്ന് ജഡ്ജിമാരായ എ എം ഖാന്‍വില്‍കര്‍, സി ടി രവികുമാര്‍ എന്നിവരുള്‍പെട്ട ബെഞ്ച് നിര്‍ദേശിച്ചു. കേസിലെ പ്രധാന ഹര്‍ജിക്കാരായ കോതമംഗലം സ്വദേശി ജോ ജോസഫ് ഉന്നയിച്ച ആവശ്യമാണ് കോടതി അംഗീകരിച്ചത്.
എന്നാല്‍ ഷടെര്‍ തുറക്കുന്നതിന്റെ സമയം, തോത് എന്നിവ തീരുമാനിക്കാന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംയുക്ത സമിതി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ സുപ്രീംകോടതി തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ആവശ്യങ്ങളും പരാതികളും മേല്‍നോട്ടസമിതിയെ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.
തീരുമാനമെടുക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയാല്‍ പിന്നെന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. സമിതിയില്‍ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിന്റെ അംഗമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും കോടതി വിമര്‍ശിച്ചു. രാഷ്ട്രീയം കോടതിയില്‍ വേണ്ടന്ന താക്കീതും സുപ്രീം കോടതി നല്‍കി.
ഷടെര്‍ തുറക്കണോ വേണ്ടയോ എന്നു മേല്‍നോട്ട സമിതി തീരുമാനമെടുക്കട്ടെയെന്ന കോടതിയുടെ നിര്‍ദേശത്തെ കേരളം എതിര്‍ത്തില്ല. ഡാമിന്റെ സുരക്ഷ സംബന്ധിച്ച പ്രധാന ഹര്‍ജികളിലെ അന്തിമവാദം ജനുവരി 11നു കേള്‍ക്കുമെന്ന് അറിയിച്ച കോടതി ബാക്കികാര്യങ്ങള്‍ മേല്‍നോട്ട സമിതിക്കു മുന്നില്‍ അവതരിപ്പിച്ചു പരിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചു. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതു വഴി സമീപവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കഴിഞ്ഞ ദിവസങ്ങളിലായി കേരളം ഉള്‍പെടെയുള്ള ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.
Keywords: Supreme Court slams Kerala in Mullaperiyar case, New Delhi, News, Supreme Court of India, Mullaperiyar Dam, Criticism, National.