സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചെന്ന് പറഞ്ഞ് 18കാരനെ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി; ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍

 


പാലക്കാട്: (www.kvartha.com 22.12.2021) സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചെന്ന് പറഞ്ഞ് 18കാരനെ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചെന്ന് പറഞ്ഞ് 18കാരനെ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി; ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍

പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് പരിക്കേറ്റത്. ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ തൃശൂര്‍ മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുമ്പുകട്ട കൊണ്ടു നെഞ്ചിലും മുഖത്തും കാലിലും പരിക്കേല്‍പിച്ചുവെന്ന് കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ ശരിയായ രീതിയിലുള്ള അന്വേഷണമുണ്ടായിട്ടില്ലെന്നും മൊഴിയെടുക്കാന്‍ പോലും തയാറായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് പരിക്കേറ്റ അഫ്‌സല്‍. കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ അഫ്‌സലിന്റെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അക്രമിച്ചവരുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സലിന്റെ ബന്ധുക്കള്‍ പറയുന്നു.

Keywords:  Student Attacked in Palakkad, Palakkad, News, Local News, Crime, Criminal Case, Attack, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia