ചെന്നൈ: (www.kvartha.com 30.12.2021) തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തില്‍ നിന്ന് 11 കാരന് വെടിയേറ്റു. പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശിയായ കലൈസെല്‍വന്റെ മകന്‍ പുകഴേന്തിക്കാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ഉടന്‍ പുതുക്കോട്ട ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സൈനികര്‍ സ്‌നൈപര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഷൂടിംഗ് റേന്‍ജില്‍ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്‌ട്രേ ബുളെറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപോര്‍ട്.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സി ഐ എസ് എഫ് ഉദ്യോഗസ്ഥരോട് പൊലീസ് പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തമിഴ്‌നാട് പൊലീസോ സി ഐ എസ് എഫോ തയാറായിട്ടില്ല. അപകടത്തിന് പിന്നാലെ ഷൂടിംഗ് പരിശീലന കേന്ദ്രം താല്‍കാലികമായി അടച്ചു.