മുംബൈ: (www.kvartha.com 25.12.2021) 23 വര്‍ഷം നീണ്ട ക്രികെറ്റ് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ തന്നെ സ്വാധീനിച്ച ആ രണ്ട് നായകന്മാരെക്കുറിച്ച് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്ന് ഇന്‍ഡ്യയുടെ എക്കാലത്തേയും മികച്ച സ്പിനെര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്.
ഞാന്‍ ഒന്നുമല്ലാത്ത കാലത്താണ് സൗരവ് ഗാംഗുലി തന്നെ ചേര്‍ത്തുപിടിച്ചതെന്നും, എന്നാല്‍, ധോണി നായകനായപ്പോഴേക്കും ഞാന്‍ ആരെങ്കിലുമൊക്കെ ആയതായും ഭാജി പറഞ്ഞു. 'ഞാന്‍ പ്രതിഭയുള്ള താരമായിരുന്നു എന്ന് ഗാംഗുലിക്ക് ബോധ്യമുണ്ടായിരുന്നു. എന്നാല്‍, എനിക്ക് മികച്ച റിസള്‍ട് നല്‍കാനാവുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു.
അതേസമയം ധോണിയുടെ കാലഘട്ടത്തിലേക്ക് മാറിയപ്പോള്‍, ഞാന്‍ ഒരുപാട് കാലം ടീമിലുണ്ടായ താരമാണെന്നും ടീമിന് സംഭാവനകള്‍ നല്‍കുമെന്നും അയാള്‍ക്കറിയാമായിരുന്നു. ജീവിതത്തിലും തൊഴില്‍ മേഖലയിലും നിങ്ങള്‍ക്ക് അതുപോലെയുള്ള ആളുകളെ ആവശ്യമാണ്. അവര്‍ ശരിയായ സമയത്ത് നിങ്ങളെ മുന്നോട്ട് നയിക്കും. സൗരവ് എനിക്ക് അത്തരമൊരു ആളായിരുന്നു. സൗരവ് എനിക്ക് വേണ്ടി പോരാടി എന്നെ ടീമില്‍ ഉള്‍പെടുത്തിയില്ലായിരുന്നുവെങ്കില്‍, ആര്‍ക്കറിയാം, ഇന്ന് നിങ്ങള്‍ എന്റെ ഈ അഭിമുഖം എടുത്തേക്കില്ല, എന്നെ ഞാനാക്കിയ നായകനാണ് സൗരവ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ നായകനെന്ന നിലയില്‍ ഗാംഗുലിയെ തെരഞ്ഞെടുത്തെങ്കിലും 2007-ലും 2011-ലും ലോകകപ് നേടിയ ധോണി മികച്ചൊരു ക്യാപ്റ്റനാണെന്ന് ഭാജി വ്യക്തമാക്കി. ധോണി ഗാംഗുലിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുകയും തന്റെ നായകത്വത്തിലൂടെ ഇന്‍ഡ്യയെ അവിസ്മരണീയമായ വിജയങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതായി ഹര്‍ഭജന്‍ സിങ് പറഞ്ഞു. മൂന്ന് പ്രധാന ലിമിറ്റെഡ് ഓവെര്‍ ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി.