ആലപ്പുഴ: (www.kvartha.com 20.12.2021) കഴിഞ്ഞദിവസം കൊല്ലപ്പെട്ട എസ് ഡി പി ഐ നേതാവ് കെ എസ് ശാനിനെ ആക്രമിച്ച സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തിയതായി പൊലീസ്. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ അന്നപ്പുരയ്ക്കല്‍ ജംക്ഷനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍ കാണപ്പെട്ടത്.
പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് കുപ്പേഴം ജംക്ഷനില്‍ വച്ച് ശാനിനുനേരെ ആക്രമണമുണ്ടായത്.
സ്‌കൂടെറില്‍ വീട്ടിലേക്കു പോകുകയായിരുന്ന ശാനെ പിന്നില്‍ നിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വടിവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ച് നാല് പേര്‍ ആക്രമിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. കാര്‍ ഡ്രൈവറെ കൂടാതെയാണു നാല് പേര്‍. കാര്‍ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
കൈകള്‍ക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ശാനെ പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിനിടെ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. കൊലപാതകത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്.
Keywords: SDPI leader's murder: Car suspected to be used by accused found, Alappuzha, News, Politics, Murder, SDPI, Car, Police, Kerala.