കോഴിക്കോട്: (www.kvartha.com 22.12.2021) സംസ്ഥാനത്ത് പച്ചക്കറിക്കൊപ്പം അരിവിലയും വര്‍ധിക്കുന്നു. വിപണിയില്‍ സര്‍കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഇടനിലക്കാരാണ് വില കൂടാനുള്ള കാരണമെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. 10 ദിവസത്തിനിടെ 5 മുതല്‍ 10 രൂപ വരെയാണ് കൂടിയത്.
കര്‍ണാടകയിലും ആന്ധ്രയിലും ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പൊതുവിലുള്ള അഭിപ്രായം. എന്നാല്‍ യഥാര്‍ഥ കാരണം ഇടനിലക്കാരാണെന്ന് വ്യാപാരികള്‍ തുറന്നുസമ്മതിക്കുന്നു. കുത്തക അരിമില്ലുകള്‍ സാധനങ്ങള്‍ വന്‍തോതില്‍ സ്റ്റോക് ചെയ്യുന്നതിലൂടെ കൃത്രിമ വിലക്കയറ്റം ഉണ്ടാകുന്നതാണ് നിലവിലെ പ്രതിസന്ധി. ഈ പ്രശ്‌നം മനസിലാക്കുന്നതിന് പകരം വിപണിയിലിടപെടാതെ സര്‍കാര്‍ ചില്ലറ വില്‍പനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം.
മൊത്തവിപണന കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയില്‍ 32 രൂപയുടെ വെള്ളക്കുറുവ അരിയുടെ വില 38 ആയി ഉയര്‍ന്നു. മഞ്ഞക്കുറുവ 30ല്‍നിന്ന് 36 ആയി. 30 രൂപയുണ്ടായിരുന്ന പൊന്നിക്ക് 34 മുതല്‍ 38 വരെ കൊടുക്കണം. കര്‍ണാടകയില്‍ നിന്നുള്ള വടിമട്ടയ്ക്ക് 15 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. വില 33ല്‍നിന്ന് 48 ആയി.
കേരളത്തില്‍ ഓരോ മാസവും 3.3 ലക്ഷം ടണ്‍ അരിയാണ് വില്‍ക്കുന്നത്. 1.83 ലക്ഷം വെള്ള അരിയും 1.5 ലക്ഷം ടണ്‍ മട്ടയുമാണ് ആവശ്യം. എന്നാല്‍ അരിയുടെ വരവ് ഒരുമാസത്തിനിടെ 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇന്ധനവില വര്‍ധനയും കൂടിയ കയറ്റിറക്ക് കൂലിയുമെല്ലാം വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.