കൊച്ചി: (www.kvartha.com 23.12.2021) പി ടി തോമസ് എംഎല്‍എയ്ക്ക് അന്ത്യാഞ്ജലി അര്‍പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എറണാകുളം ടൗണ്‍ഹാളിലെത്തിയാണ് രാഹുല്‍ ഗാന്ധി അന്ത്യാഞ്ജലി അര്‍പിച്ചത്. ഭാര്യ ഉമയേയും മകനെയും നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. പി ടിയുടെ മക്കളോടും ഭാര്യ ഉഷയോടും ഏറെനേരം സംസാരിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ബുധനാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. എന്നാല്‍ പി ടി തോമസിന്റെ വിയോഗം അറിഞ്ഞതോടെ പരിപാടികള്‍ മാറ്റിവെച്ച് രാഹുല്‍ ഗാന്ധി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.
സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് പി ടിയുടെ വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പി ടി നല്‍കിയ ഊര്‍ജം ചെറുതല്ലെന്നും തനിക്കും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത് മഹത്തായ നേട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആയിരങ്ങളാണ് പി ടിയെ അവസാനമായൊന്ന് കാണാന്‍ ടൗണ്‍ഹാളിലും പരിസരത്തും തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ബുധനാഴ്ച മുതല്‍ തന്നെ കൊച്ചിയില്‍ കാംപ് ചെയ്യുന്നുണ്ടായിരുന്നു.
പി ടി തോമസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പിച്ചു. തൃക്കാക്കര കമൂണിറ്റി ഹാളില്‍നിന്ന് രവിപുരത്തേക്ക് വിലാപയാത്ര ആരംഭിച്ചു. തുടര്‍ന്ന് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തും. പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അര്‍പിച്ചു. പിന്നീട് എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ചു. ഉമ്മന്‍ ചാണ്ടി, കെ സി ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയിലുണ്ട്.
മരണാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ ഒരു മാസം മുന്‍പ് പി ടി തോമസ് അറിയിച്ച് രേഖപ്പെടുത്തിവച്ചിരുന്നു. കണ്ണുകള്‍ ദാനം ചെയ്യണം, മൃതദേഹം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, ചിതാഭസ്മം ഉപ്പുതോടില്‍ അമ്മയുടെ കുഴിമാടത്തില്‍ ഇടണം, മൃതദേഹത്തില്‍ പൂക്കളോ, പുഷ്പചക്രമോ പാടില്ല, അന്ത്യോപചാര സമയത്ത് വയലാറിന്റെ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന പാട്ട് മൃദുവായ ശബ്ദത്തില്‍ കേള്‍പ്പിക്കണം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.
Keywords: Rahul Gandhi bids adieu to PT Thomas, Kochi, News, Dead Body, Obituary, Politics, Rahul Gandhi, Kerala.