ചണ്ഡിഗഡ്: (www.kvartha.com 22.12.2021) 1994 ല്‍ നടന്ന മൂന്ന് പേരുടെ കൊലപാതകത്തിന്റെ വിചാരണയ്ക്കിടെ കിടക്കയില്‍ കിടന്ന് വിര്‍ച്വല്‍ നടപടികളില്‍ ഹാജരായ പഞ്ചാബ് മുന്‍ പൊലീസ് മേധാവിയെ താക്കീത് ചെയ്ത് കോടതി. സുമേധ് സിംഗ് സൈനിയോടാണ് പെരുമാറ്റം ശ്രദ്ധിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
കോടതിയുടെ അന്തസ് സംരക്ഷിക്കണമെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജി സഞ്ചീവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സുമേധ് വിചാരണ കേട്ടത്.
തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും പനിയായതിനാലാണ് കിടക്കുന്നതെന്നുമായിരുന്നു കോടതിയുടെ താക്കീതിന് മുന്‍ പൊലീസ് മേധാവിയുടെ വിശദീകരണം. എന്നാല്‍ ഇതു സംബന്ധിച്ച മെഡികല്‍ രേഖകളൊന്നും സുമേധ് സമര്‍പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
'ഒന്നാം പ്രതി സുമേദ് കുമാര്‍ സെയ്നി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടപടികളില്‍ പങ്കെടുത്തത്. എന്നിരുന്നാലും, കട്ടിലില്‍ കിടന്ന് വിസി (വീഡിയോ കോണ്‍ഫറന്‍സ്) നടപടിയില്‍ പങ്കെടുത്തതായി ശ്രദ്ധയില്‍പ്പെട്ടു. ചോദിച്ചപ്പോള്‍, തനിക്ക് സുഖമില്ലെന്നും പനിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മെഡികല്‍ സെര്‍ടിഫികറ്റ് നല്‍കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ വിസി മുഖേനയുള്ള നടപടിക്രമങ്ങളില്‍/കോടതിയില്‍ ഹാജരാകുമ്പോള്‍ ഭാവിയില്‍ പെരുമാറ്റത്തില്‍ ജാഗ്രത പാലിക്കണമെന്നും കോടതിയുടെ മര്യാദ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,' ജഡ്ജി തന്റെ ഉത്തരവില്‍ പറഞ്ഞു.
ലുധിയാനയില്‍വച്ചാണ് വിനോദ് കുമാര്‍, അശോക് കുമാര്‍, ഇവരുടെ ഡ്രൈവര്‍ മുക്തിയാര്‍ സിംഗ് എന്നിവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയാണ് സുമേധ് സൈനി. ഇയാളെ കൂടാതെ മൂന്ന് പൊലീസുകാര്‍ കൂടി കേസില്‍ പ്രതികളാണ്.