തിരുവനന്തപുരം: (www.kvartha.com 18.12.2021) വര്‍ക്കല ശിവഗിരിയില്‍ വധക്കേസ് പ്രതിയെ തേടിപ്പോയ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു(27) ആണ് മരിച്ചത്.
പോത്തന്‍കോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാനെത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. പനയില്‍ക്കടവ് പാലത്തിന് സമീപമാണ് അപകടം. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താന്‍ എത്തിയ സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു.
വര്‍ക്കല സിഐ അടക്കം നാലുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വെള്ളത്തില്‍ വീണ മൂന്നുപേര്‍ നീന്തിരക്ഷപ്പെട്ടു. എന്നാല്‍ ബാലുവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലില്‍ ബാലുവിനെ വള്ളം മറിഞ്ഞതിന് സമീപത്ത് നിന്നും കണ്ടെത്തി. ഉടന്‍തന്നെ വര്‍ക്കല താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.