തിരുവനന്തപുരം: (www.kvartha.com 17.12.2021) സംസ്ഥാനത്തെ മെഡികല്‍ കോളജുകളിലെ പി ജി ഡോക്ടര്‍മാരുടെ 16 ദിവസം നീണ്ടുനിന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ എല്ലാവരും ജോലിയില്‍ പ്രവേശിക്കുമെന്ന് കേരള മെഡികല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെഎംപിജിഎ) ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കും, സ്‌റ്റൈപെന്‍ഡില്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കും തുടങ്ങിയ ഉറപ്പുകള്‍ ലഭിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജോലിഭാരം സംബന്ധിച്ച് കെഎംപിജിഎ വിശദമായ നിവേദനം സര്‍കാരിന് നല്‍കും.
ഇക്കാര്യം പഠിക്കാനും റെസിഡെന്‍സി മാനുവല്‍ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രിയും ഉറപ്പ് നല്കിയിരുന്നു. സമരത്തിന്റെ ഫലമായി 307 ജൂനിയര്‍ ഡോക്ടര്‍മാരെ ഇതിനോടകം താല്‍ക്കാലികമായി നിയമിച്ചു.
നിലവില്‍ നിയമിച്ച ജൂനിയര്‍ റെസിഡെന്റുമാര്‍ക്ക് പുറമെ ഈവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച് എത്തുന്നതുവരെ തുടരാന്‍ നിര്‍ദേശം നല്‍കും. ഒന്നാംവര്‍ഷ ബാച് പ്രവേശനത്തിനായി കേന്ദ്രസര്‍കാരില്‍ സമ്മര്‍ദം ചെലുത്തും. സ്‌റ്റൈപെന്‍ഡ് വര്‍ധനയിലും ഉടന്‍ അനുകൂല നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുലഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
അതിനിടെ, സെക്രടേറിയറ്റില്‍വച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് അജിത്രയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍
പ്രകാരമാണ് കേസ്. കഴിഞ്ഞദിവസം സെക്രടേറിയേറ്റില്‍ ചര്‍ച്ചക്കെത്തിയപ്പോള്‍ ഐടി സെക്രടറി ബിശ്വനാഥ് സിന്‍ഹയുടെ ഡ്രൈവര്‍ അധിക്ഷേപിച്ചെന്നായിരുന്നു ഡോ അജിത്രയുടെ പരാതി.