കൊച്ചി: (www.kvartha.com 24.12.2021) പുതുവത്സരാഘോഷത്തിൽ കൊച്ചിയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് പപ്പാഞ്ഞിയും. പുതുവർഷം പിറക്കുമ്പോൾ പപ്പാഞ്ഞി കത്തിയമരും . ഇത് കാണാൻ ആയിരങ്ങളാണ് ഫോർട് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ വർഷത്തോട് വിടപറയുകയും പുതുവർഷത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നതിന്റെ പ്രതീകമാണ് പപ്പാഞ്ഞിയുടെ കത്തിക്കൽ. ഇതിലൂടെ ആ വർഷത്തെ തിന്മയും ചീത്തയും എല്ലാം ദഹിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
1985 ൽ കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് കൊച്ചിൻ കാർണിവൽ ആരംഭിച്ചതോടെയാണ് പപ്പാഞ്ഞി രംഗത്തുവരുന്നത്. ഐക്യരാഷ്ട്രസഭയുടെ ‘യുവജന വർഷ’ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബീച് ഫെസ്റ്റിനെ തുടർന്നാണ് പരിപാടി ആരംഭിച്ചത്. അന്ന് മുതൽ, കാർണിവൽ സംഘാടകർ ഫോർട് കൊച്ചി ബീചിൽ ഒരു ഭീമാകാരൻ പപ്പാഞ്ഞി ഉണ്ടാക്കുന്നു.
ഈ പാരമ്പര്യം കൊച്ചിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് ഇവിടെ നേരത്തെ കോളനിവൽക്കരിച്ചിരുന്ന പോർചുഗീസ് ജനതയിൽ നിന്നാണ്. പോർചുഗീസ് ഭാഷയിൽ പപ്പാഞ്ഞി എന്നാൽ മുത്തച്ഛൻ എന്നാണ് അർഥമാക്കുന്നത്. ഡിസംബർ 31 ന് അർധരാത്രിയിൽ കോലം ഉണ്ടാക്കി കത്തിക്കുന്നതാണ് അവരുടെ പാരമ്പര്യം. പണ്ടൊക്കെ ആളുകൾ പപ്പാഞ്ഞിയുടെ ചെറിയ രൂപങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, കൊച്ചിൻ കാർണിവൽ വന്നതിന് ശേഷമാണ് ഇപ്പോൾ കാണുന്ന ഒരു ഐതിഹാസിക സംഭവമായി മാറിയത്. പക്ഷേ പപ്പാഞ്ഞി കത്തിക്കൽ ഒഴിവാക്കിയതോടെ ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും.
Keywords: Pappanji burning cancelled this year also, Kerala, News, Top-Headlines, Kochi, Celebration, COVID19, Newyear, Carnival.