കൊച്ചി: (www.kvartha.com 15.12.2021) പെണ്‍കുട്ടികളെ പാന്റ് ഇടീച്ചാല്‍ ലിംഗസമത്വമാവില്ലെന്ന് എംഎസ്എഫ് മുന്‍ ദേശീയ നേതാവ് ഫാത്വിമ തഹ്‌ലിയ. ജെന്‍ഡെര്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂനിഫോമിനെതിരെയാണ് ഫേസ്ബുകിലൂടെ പ്രതികരണവുമായി തഹ്‌ലിയ രംഗത്തെത്തിയത്. വിശ്വാസപരമായി വസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികളെവരെ ഇത് ബാധിക്കുമെന്ന് അവര്‍ പറയുന്നു.
'ലിംഗസ്വത്വം' എന്നത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണെന്നും ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ലെന്നും തഹ്‌ലിയ ഫേസ്ബുകില്‍ കുറിച്ചു. എല്ലാവരും ഒരേ വസ്ത്രം ധരിച്ചാല്‍ ലിംഗനീതിയാവും എന്ന ആശയത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
'ലിംഗസ്വത്വം' എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. 'ലിംഗസ്വത്വം' എന്നത് നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്നതാണ്. ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയില്‍ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളില്‍ രൂപപ്പെടുന്നത്. അതിനെ ഉള്‍കൊള്ളുക എന്നതാണ് ജനാധിപത്യം.
വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് 'ജെന്‍ഡെര്‍ ന്യൂട്രല്‍'എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാര്‍ഗമായിട്ടാണ്. പരമ്പരാഗതമായി നിര്‍വചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപുകളോ, മുന്‍വിധികളോ ഇല്ലാതെ ഏവര്‍ക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജെന്‍ഡെര്‍ ന്യൂട്രല്‍ കൊണ്ട് അര്‍ഥമാക്കുന്നത്.
അങ്ങനെയെങ്കില്‍ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാല്‍ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്‌കൂളധികാരികള്‍ പെണ്‍കുട്ടികളായ വിദ്യാര്‍ഥികളോട് പാന്റും ഷര്‍ടും ധരിക്കാന്‍ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തില്‍ യൂനിഫോമിറ്റി കൊണ്ടുവന്നതിനെ കൂടിയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.
ഒരു ജെന്‍ഡെര്‍ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്‍ഡെറില്‍ പെട്ട മറ്റു വിദ്യാര്‍ഥികളുടെ ശരീരത്തില്‍ അടിച്ചേല്‍പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു. നാണക്കേടും, വിമര്‍ശനവും, ഭീഷണിയുമില്ലാതെ എല്ലാവര്‍ക്കും സുരക്ഷിതത്വവും, അവര്‍ക്കാവശ്യമുള്ള വസ്ത്രം ധരിക്കാന്‍ പിന്തുണയ്ക്കുന്ന സംസ്‌ക്കാരം രൂപപ്പെടുത്തുകയല്ലെ യഥാര്‍ഥ ലിബറല്‍ വാദം ചെയ്യേണ്ടത്. പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറല്‍ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെയാണ് വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ.
ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സര്‍കാര്‍ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്. -തഹ്‌ലിയ ഫേസ്ബുകില്‍ കുറിക്കുന്നു.
Keywords: News, Kerala, State, Kochi, Dress, MSF, School, Education, Students, Facebook Post, Facebook, Social Media, No gender equality if girls wearing pants; says Fathima Thahaliya